കോതമംഗലം: കോതമംഗലം ബ്ലോക്കിലെ ഭാരതീയ പ്രകൃതി കൃഷി പദ്ധതി എം.എൽ.എ ശ്രീ ആൻ്റണി ജോൺ ഉത്ഘാടനം ചെയ്തു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന പുതിയ പദ്ധതിയായ ഭാരതീയ പ്രകൃതി കൃഷി പദ്ധതിക്കാണ് തുടക്കം കുറിച്ചത്.
മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രസിഡൻ്റ് പി.എ.എം ബഷീർ നാടൻ വിത്തിനങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിച്ചു. ഉന്നതാധികാര സമിതി അംഗമായ തകിടിയിൽ ജോണി എന്ന കർഷകൻ്റെ കൃഷിയിടത്തിലാണ് ജൈവ കൂട്ടുകൾ ഉപയോഗിച്ചുള്ള മാതൃകാ കൃഷി ആരംഭിച്ചത്. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് വൈസ് പ്രസിഡൻ്റ് നിസമോൾ ഇസ്മയിൽ, മുനിസിപ്പൽ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി.തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കെക്കര, കൗൺസിലർ ഷിബു കുര്യാക്കോസ്, കൃഷി ഓഫീസർമാരായ ജാസ്മിൻ തോമസ്, ജിജി ജോബ്, മനോജ്, അനീഫ, ആത്മ ബി.ടി.എം രഞ്ജിത് തുടങ്ങിയവരും പങ്കെടുത്തു. കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഇ.പി സാജു നന്ദി അറിയിച്ചു.
അശാസ്ത്രീയ രാസവള – കീടനാശിനി പ്രയോഗവും, തെറ്റായ കൃഷി രീതികളും, കാലാവസ്ഥാ വ്യതിയാനവും മൂലം നമ്മുടെ മണ്ണിന്റെ ഭൗതീക – രാസ – ജൈവ ഘടന കാര്യമായ തോതിൽ മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റം മണ്ണിലെ ജൈവാംശവും സൂക്ഷ്മാണുക്കളും ഓരോ ചെടിയുടെയും വളർച്ചയെ മാത്രമല്ല മറിച്ച് വരും കാലത്തെ കാർഷിക മേഖലയെ കൂടിയാണ് തകിടം മറിക്കുന്നത്.
കോതമംഗലം ബ്ലോക്കിൽ 500 ഹെക്ടറിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജൈവ കൃഷി സർട്ടിഫിക്കേഷൻ, പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണത്തിനായി കൃഷിയിടങ്ങളിൽ പ്രത്യേക കേന്ദ്രങ്ങൾ, വിവിധ ജൈവകൃഷി പരിശീലനങ്ങൾ, മേളകൾ, ജൈവ ഉൽപ്പന്നങ്ങളുടെ മൂല്യവർധിത യൂണിറ്റുകൾ തുടങ്ങി ഒട്ടനവധി ഘടകങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാട്ടറിവുകൾ പ്രയോഗികമാക്കുന്ന, പാരമ്പര്യ വിത്തിനങ്ങളുടെ കൃഷി, ശാസ്ത്രീയ കൃഷി തുടങ്ങിയ വിവിധ അറിവുകളുടെ മാതൃകാ പ്ലോട്ടുകൾ നടപ്പാക്കും. കുറഞ്ഞത് 5 സെന്റ് സ്ഥലം ഉള്ളവർക്ക് പദ്ധതിയിൽ അംഗമാകാം.