കോതമംഗലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോതമംഗലത്ത് ബ്ലോക്ക് തലത്തിൽ ആരംഭിച്ച കാർഷിക വിജ്ഞാന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ചു. കാർഷിക സർവ്വകലാശാലയിലെ വിദഗ്ദ്ധരും,കൃഷി ഉദ്യോഗസ്ഥരും,ജനപ്രതിനിധികളും, കർഷക പ്രതിനിധികളും ഒത്തു ചേർന്നതാണ് വിജ്ഞാന കേന്ദ്രത്തിൻ്റെ ഘടന. സുഭിക്ഷ കേരളം പദ്ധതികൾ കൂടുതൽ മികവോടെ നടപ്പിലാക്കുക, കർഷകർക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ അതാതു സമയത്തു ലഭ്യമാക്കുക,തെരഞ്ഞെടുത്ത കൃഷിയിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പിലാക്കുക,നൂതന സാങ്കേതിക വിദ്യകൾ കർഷകരിലേക്കു പകരുന്ന കൃഷി പാഠശാലകൾ നടത്തുക തുടങ്ങി കാർഷിക മേഖലയുടെ ഉന്നമനത്തിനായുള്ള സമഗ്രമായ പ്രവർത്തനങ്ങളാണ് ഇതിൽ ലക്ഷ്യമിട്ടിട്ടുള്ളത്.
കോവിഡ് പ്രതിസന്ധികൾക്കിടയിലും ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി
കാർഷിക മേഖലയായ കോതമംഗലത്തെ എല്ലാ കർഷകരും ഈ പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എംഎൽഎ പറഞ്ഞു. ചടങ്ങിൽ കൃഷി അസിസ്റ്ററ്റൻ്റ് ഡയറക്ടർ വി പി സിന്ധു, ഓടക്കാലിയിലെ സുഗന്ധതൈല ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റൻ്റ് പ്രൊഫസർ കെ തങ്കമണി, കൃഷി ഓഫീസർമാരായ എം എൻ രാജേന്ദ്രൻ,ജിജി ജോബ്,സീനത്ത് ബീവി എന്നിവർ സംസാരിച്ചു.ബ്ലോക്ക് പരിധിയിലെ കൃഷി ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ഓൺലൈൻ വഴി പങ്കെടുത്തു.