കോതമംഗലം : ഇരു വൃക്കകളും തകരാറിലായ ഈ 32 വയസ്സുകാരന് ചികിത്സയ്ക്കായി വൻ തുക വേണം എന്ന സാഹചര്യത്തിൽ, തങ്ങളുടെ ക്ലബ് മെമ്പർ കൂടി ആയ യുവാവിന് ചെറിയൊരു കൈത്താങ്ങായി മാറിയിരിക്കുകയാണ് ആസ്പയർ ക്ലബ്. നെല്ലിക്കുഴി പഞ്ചായത്ത് ഇളമ്പ്ര യിൽ പുന്നക്കൽ ബാബുവിന്റെയും അമ്മിണി ബാബുവിന്റെയും മകൻ ബിൻസൺ ബാബു എന്ന മുപ്പത്തിരണ്ടു വയസ്സുകാരനായ യുവാവിന്റെ ഇരു വൃക്കകളും തകരാറിലാണ്. ദുരിത ജീവിതം നയിക്കുന്ന ബിൻസൺ ഒന്നര വർഷത്തോളമായി ചികിത്സയിലാണ്. വൃക്ക മാറ്റിവക്കലല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല എന്നറിഞ്ഞാണ് സുമനസ്സുകൾ ഒത്തുചേർന്നത്. അസുഖബാധിതനായ ബിൻസന്റെ ചികിത്സ ചിലവിന് ഏകദേശം 40 ലക്ഷം രൂപ കണ്ടെത്തേണ്ടിവരും.
കോതമംഗലം എം ൽ എ ആന്റണി ജോണിന്റെ നേതൃത്വത്തിൽ ചികിൽസാ സഹായകമ്മിറ്റി രൂപികരിച്ച് ഫണ്ട് സ്വരൂപിച്ചു വരികയാണ്. ഇതിനോടൊപ്പം തന്നെ ബിൻസണ് വേണ്ടി തങ്ങളാൽ കഴിയുന്നവിതം സഹായിക്കാൻ സന്നദ്ധരായാണ് ആസ്പയർ ക്ലബ് മുമ്പോട്ടു വന്നത്. കോതമംഗലം മലയിൻകീഴ് ആസ്ഥാനമാക്കി ആണ് ആസ്പയർ ക്ലബ് പ്രവർത്തിച്ചുവരുന്നത് .ബിൻസൺ ബാബു ആസ്പയർ ക്ലബ് മെമ്പർ കൂടിയാണ് .മുമ്പും ഇവരുടെ നേതൃത്വത്തിൽ നിരവധിയായ സേവന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് .വെള്ളപ്പൊക്ക സമയത്തും ,പ്രളയ സമയത്തും മറ്റുള്ളവർക്കു കൈത്താങ്ങായി ഇവർ എത്തിയിട്ടുണ്ട് .കഴിഞ്ഞ മാസം 26 ,27 തീയതികളിൽ ആയിരുന്നു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ടൂർണമെൻറ് നടന്നത്.ഒപ്പം തന്നെ ബിൻസൺ സഹായനിധി കൂപ്പണും തയ്യാറാക്കി വിതരണം ചെയ്തിരുന്നു.
ഫുട്ബോൾ ടൂർണമെന്റും, സഹായനിധി കൂപ്പണുകളും വഴി കിട്ടിയ അഞ്ചു ലക്ഷത്തോളം രൂപയാണ് ആസ്പയർ ക്ലബ് കൈമാറി.ചെറിയപ്പള്ളി അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ പള്ളിവികാരി Fr. ജോസ് പരുതിവെയിലിന്റെ അദ്യക്ഷതയിൽ MLA ആന്റണി ജോണിന് തുക കൈമാറി. ആസ്പയർ ക്ലബ് പ്രസിഡന്റ് ജോർജ് അലക്സ്, സെക്രട്ടറി ലിനോ കുര്യാക്കോസ്, ട്രെഷറർ ഡാരിസ് ജോർജ്, സിജോ അവരാപ്പാട്ട്, അരുൺ, ജിതിൻ സേവി, ടിൻ്റോ, ബേസിൽ പി ജോയി, എബിൻ ജോർജ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.