കോതമംഗലം: കോതമംഗലം ഡിപ്പോയിൽ നിന്നും ആരംഭിച്ചിട്ടുള്ള കെ എസ് ആർ ടി സി യുടെ ജംഗിൾ സഫാരി കൂടുതൽ ആകർഷകമാകുന്നു. ജംഗിൾ സഫാരി ആരംഭിച്ച് മൂന്നുമാസം പൂർത്തിയാകുമ്പോൾ നൂറുകണക്കിന് ആളുകളാണ് സഫാരിയുടെ ഭാഗമായത്. യാത്ര കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാഗമായി ജംഗിൾ സഫാരിക്ക് ഒപ്പം ബോട്ട് യാത്രയും ഒരുക്കിയിരിക്കുകയാണിപ്പോൾ. കോതമംഗലത്ത് നിന്നും കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്ത് ഭൂതത്താൻകെട്ടിൽ എത്തുകയും ഭൂതത്താൻ കെട്ടിൽ നിന്നും ബോട്ടിലൂടെ യാത്ര ചെയ്തു തട്ടേക്കാട് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കണ്ടുകൊണ്ട് കുട്ടമ്പുഴയിൽ ഇറങ്ങുകയും കുട്ടമ്പുഴയിൽ നിന്നും വീണ്ടും കെഎസ്ആർടിസി ബസിൽ തന്നെ യാത്ര തുടരുന്ന രീതിയിലാണ് ആണ് ജംഗിൾ സഫാരി പുതുതായി ക്രമീകരിച്ചിട്ടുള്ളത്.
പെരിയാറിലൂടെ യുള്ള ബോട്ട് യാത്ര പക്ഷിമൃഗാദികളെ കണ്ട് കാനന ഭംഗി ആസ്വദിച്ച് കൊണ്ട് തേക്കടിക്ക് സമാനമായ ഒരു ബോട്ട് യാത്ര അനുഭവം ഒരുക്കുവാൻ കഴിയുന്നു എന്ന പ്രത്യേകത കൂടി ഈ യാത്രയ്ക്കുണ്ട്. ബോട്ട് യാത്രയുടെ ഉദ്ഘാടനം ഭൂതത്താൻകെട്ടിൽ ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെസ്സി സാജു അധ്യക്ഷത വഹിച്ചു.കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. ചാക്കോ , എഫ്. ഐ.റ്റി ചെയർമാൻ ആർ. അനിൽകുമാർ , വാർഡ് മെമ്പർ ഷിജി ആൻറണി, സിപിഐ (എം) കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയ് , കോതമംഗലം എ.റ്റി.ഒ. പി.എ. അഭിലാഷ്, കൺട്രോളിങ്ങ് ഓഫീസർ അനസ് ഇബ്രാഹിം, ടൂർ കോ-ഓർഡിനേറ്റർ എൻ.ആർ. രാജീവ് യുവജനക്ഷേമ ബോർഡ് അംഗം അഡ്വ. റോണി മാത്യു, കീരംപാറ സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി അരുൺ വലിയ താഴത്ത്, എം.എം. ജോസഫ് , തുടങ്ങിയവർ സംസാരിച്ചു. എം എൽ എ യും ജനപ്രതിനിധികളും ആദ്യയാത്രയിൽ പങ്കാളികളായി.