കോതമംഗലം : പിണ്ടിമന ഗ്രാമ പഞ്ചായത്തിലെ തൃക്കാരിയൂർ വില്ലേജിൽ അയിരൂർപാടം സ്വദേശിനി പാണ്ട്യാർപിളളിൽ വീട്ടിൽ ആമിന അബ്ദുൾ ഖാദർ (66വയസ്സ്) പട്ടാപകൽ അരും കൊല ചെയ്യപ്പെട്ടിട്ട് ഒന്നര മാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്തുന്നതിൽ ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ കാര്യമായ ഒരു പുരോഗതിയും ഉണ്ടാകാത്ത സാഹചര്യത്തിൽ പുതിയ ഏജൻസിയെ അന്വേഷണ ചുമതല ഏല്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ മുഖ്യമന്ത്രിയ്ക്കും, ഡിജിപിയ്ക്കും കത്ത് നല്കി.
മാർച്ച് 7 ന് പാടത്ത് പുല്ല് മുറിയ്ക്കുവാനായി പോയ ആമിന പട്ടാപകൽ ദാരുണമായി കൊല ചെയ്യപ്പെടുകയായിരുന്നു.പട്ടാപകൽ ഒരു നാടിനെ ആകെ നടുക്കിയ ദാരുണ കൊലപാതകവും, കവർച്ചയും നടന്നിട്ട് ഒന്നര മാസം പിന്നിട്ടിട്ടും കാര്യമായ അന്വേഷണ പുരോഗതി ഇല്ലാത്തതും നാളിതു വരെ പ്രതികളെ കണ്ടെത്തുവാൻ കഴിയാത്തതുമായ സാഹചര്യത്തിൽ, ഒരു പുതിയ അന്വേഷണ ഏജൻസിയെ അന്വേഷണ ചുമതല ഏല്പിച്ച് അടിയന്തിരമായി കുറ്റവാളികളെ കണ്ടെത്തുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് എം എൽ എ കത്തിൽ ആവശ്യപ്പെട്ടു.