കോതമംഗലം : വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്നു മനുഷ്യരെയും കൃഷിയെയും സംരക്ഷിക്കാൻ വനം വകുപ്പ് 1200 കോടിയുടെ പദ്ധതി തയാറാക്കി കാത്തിരുന്നപ്പോൾ ബജറ്റിൽ അനുവദിച്ചത് 25 കോടി മാത്രമാണെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം.
ഇതിൽ തന്നെ 7 കോടി രൂപ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള നഷ്ടപരിഹാരമാണ്. പരുക്കേറ്റവർ, കെട്ടിടങ്ങളും കൃഷിയും നശിച്ചവർ ഇവർക്കുള്ള നഷ്ടപരിഹാരം പോലും പൂർണമായി നൽകാൻ തുക മതിയാവില്ല. വനത്തിൽ നിന്നു മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാൻ, ഭൂമി ശാസ്ത്രപരമായ പ്രത്യേകത
കണക്കിലെടുത്ത് റെയിൽ വേലി, ആനമതിൽ, കിടങ്ങ് എന്നിവ നിർമിക്കുന്ന പദ്ധതിയാണ് വനം വകുപ്പ് സമർപ്പിച്ചിരുന്നത്. എന്നാൽ വനാതിർത്തിയിൽ കഴിയുന്ന കർഷകരുടെ ജീവനും സ്വത്തിനും സർക്കാർ വില കൽപ്പിച്ചിട്ടില്ലെന്ന് ഷിബു തെക്കുംപുറം കുറ്റപ്പെടുത്തി.
കഴുത്തോളം കടത്തിൽ മുങ്ങി നിൽക്കുന്ന സംസ്ഥാനം ഇനിയും കൂടുതൽ കടമെടുക്കാൻ ഒരുങ്ങുകയാണെന്ന ധ്വനിയാണ് ധനമന്ത്രി കെ. എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രസംഗത്തിൽ കേട്ടത്. കിഫ്ബി കടം നൽകുന്ന സർക്കാർ ഗ്യാരൻ്റി ഉയർത്തി സിൽവർ ലൈൻ പോലുള്ള വൻ പദ്ധതികൾ കൊണ്ടുവരാനും ആയിരക്കണക്കിന് കുടുംബങ്ങളുടെ സ്വൈര്യജീവിതം തടസപ്പെടുത്താനും തന്നെയാണ് നീക്കം. കേരളജനതയെ നിലയില്ലാത്ത കടബാധ്യതയിലേക്ക് തള്ളിവിടുന്ന നിരുത്തരവാദപരമായ സമീപനമാണ് ഇടതുമുന്നണി സർക്കാർ പുലർത്തുന്നത്.
ഭൂമിയുടെ ന്യായ വില ഒറ്റയടിക്ക് പത്ത് ശതമാനമാണ് വർധിപ്പിച്ചത്. ഇത് ബാധിക്കുന്നത് കേരളത്തിലെ സാധാരണക്കാരെയാണ്.
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെ തൊഴിൽരഹിതരെ അവഗണിച്ചു. ലോകസമാധാന സമ്മേളനവും മരച്ചീനിയിൽ നിന്ന് മദ്യവും പോലുള്ള വിചിത്ര നിർദ്ദേശങ്ങളാണ് ബജറ്റിലുള്ളത്.
കേരളമൊട്ടാകെ കച്ചവട സ്ഥാപനങ്ങൾ വലിയ പ്രതിസന്ധിക്ക് ശേഷം സജീവമായി വരുന്നതേയുള്ളൂ. അതിന് ബജറ്റ് ഉത്തേജനം നൽകിയില്ല. ഇതിനുള്ള ഏറ്റവും നല്ല വഴി ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുകയായിരുന്നു. അതിനുള്ള നിർദേശവും ബജറ്റിലില്ലെന്ന് ഷിബു ചൂണ്ടിക്കാട്ടി.
