- സലാം കാവാട്ട്
കോതമംഗലം : കോവിഡ് ബാധയുടെ പിരിമുറുക്കത്തിൽ കോതമംഗലം മേഖലയിലെ വിവാഹ സൽക്കാരങ്ങൾ കടന്നു പോയത് ആഘോഷങ്ങളും ആളനക്കവുമില്ലാതെ. 1000നും 500നും ഇടയിൽ ആളുകളെ ക്ഷണിച്ച വിവാഹ സൽക്കാരങ്ങൾ നടന്ന ഹാളുകളും പന്തലുകളും ഫലത്തിൽ കാലിയായിരുന്നു. ജനങ്ങൾസാമൂഹിക സമ്പർക്കം ഒഴിവാക്കണമെന്ന സർക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും കർശന നിർദ്ദേശം ഭൂരിഭാഗം പേരും പാലിച്ചതിന്റെ തെളിവായി മാറി വിവാഹ ചടങ്ങുകൾ.
മിക്ക കല്യാണങ്ങളിലും വരന്റേയും വധുവിന്റേയും വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു എത്തിച്ചേർന്നിരുന്നത്. സമ്പർക്ക നിയന്ത്രണം പാലിക്കുക മാത്രമല്ല കല്യാണത്തിന് വന്നവരിൽ നല്ലൊരു ശതമാനം പേർ സദ്യയിൽ നിന്നടക്കം വഴുതി മാറി നിന്നതും വിവാഹ ചടങ്ങുകളിലെ കാഴ്ചയായിരുന്നു.
നഗര ഗ്രാമ വ്യത്യാസമില്ലാതെ നിരത്തുകൾ കയ്യടക്കി കാറുകളും ടൂവീലറുകളും അണിനിരത്തി എല്ലാ ഞായറാഴ്ചകളിലും റോഡ് ഷോയായി നടക്കാറുണ്ടായിരുന്ന വമ്പൻ ‘വിവാഹ വാഹനറാലി’കളും പതിവുപോലെ കാണപ്പെട്ടില്ല. വരന്റേയും വധുവിന്റെയും വസ്ത്രാലങ്കാര വിശേഷങ്ങളേക്കാളും ആടയാഭരണങ്ങളേക്കാളും വിവാഹ സദസ്സുകളിലെ പ്രധാനചർച്ചാ വിഷയം കോവിഡ് 19 ആയിരുന്നു.
സാമ്പത്തിക പരാധീനതയുള്ള കുടുംബങ്ങളിലെ സൽക്കാരങ്ങളിൽ കോവിഡ് പേടിയിൽ ആളെത്താതായത് അത്തരം കുടുംബങ്ങളുടെ വിവാഹ ബഡ്ജറ്റിന്റെ താളം തെറ്റിച്ചു. രോഗത്തിനെതിരെയുള്ള മുൻകരുതലായി വേണ്ടപ്പെട്ടവർ പോലും സ്നേഹസദ്യവേണ്ടെന്ന് വച്ചതോടെ ഭക്ഷണം വൻതോതിൽ ബാക്കിയായി. നാട്ടിൻ പുറങ്ങളിൽ കാലങ്ങളായി നില നിൽക്കുന്ന വധുവിന്റെ വീട്ടുകാർക്ക് മനസ്സറിഞ്ഞ് അതിഥികൾ കവറിലിട്ട് കൊടുക്കുന്ന
പണസമ്മാനങ്ങളും വലിയ തോതിൽ കുറഞ്ഞു. ഇത്തരത്തിൽ കുടുംബങ്ങളിലെ വിവാഹങ്ങൾക്ക് താങ്ങായി സാമൂഹിക ഉദാരതയിൽ ലക്ഷത്തിന് മുകളിൽ രൂപ മുതൽ സ്വർണ്ണാഭരണങ്ങൾ വരെയും പായ്ക്കറ്റ്ഗിഫ്റ്റായി കിട്ടിയിരുന്നതാണ് കോവിഡ് മൂലം വലിയ രീതിയിൽ ഇല്ലാതായത്. ഇത്തരം കുടുംബങ്ങൾ വിവാഹ ചടങ്ങുകളെല്ലാം അവസാനിച്ചതോടെ ഭാരിച്ച സാമ്പത്തിക ബാദ്ധ്യതയിലേക്ക് എടുത്തെറിയപ്പെട്ടതും കോവിഡ് ബാധയുടെ പ്രത്യാഘാതമായി വിലയിരുത്താവുന്നതാണ്.