കോതമംഗലം : കോതമംഗലം പ്രദേശത്ത് ബുധനാഴ്ച വീശിയ ശക്തമായ കാറ്റില്‍ 53 വീടുകള്‍ ഭാഗികമായും 2 വീടുകള്‍ പൂര്‍ണമായും നശിച്ചു. വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ക്ക് പരുക്കേറ്റു. കുട്ടമംഗലം, തൃക്കാരിയൂര്‍, കോട്ടപ്പടി, കോതമംഗലം വില്ലേജുകളിലാണ് കാറ്റ് നാശനഷ്ടങ്ങള്‍ വരുത്തിയത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ക്കു മേല്‍ പതിക്കുകയായിരുന്നു.
കോതമംഗലം വില്ലേജ് പരിധിയിലാണ് കൂടുതല്‍ നാശനഷ്ടം. ഇവിടെ 39 വീടുകള്‍ ഭാഗികമായും 2 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കുട്ടമംഗലം വില്ലേജില്‍ 7 വീടുകളാണു ഭാഗമായി തകര്‍ന്നത്. തൃക്കാരിയൂര്‍ വില്ലേജില്‍ ആറും കോട്ടപ്പടി വില്ലേജില്‍ ഒരു വീടുമാണ് ഭാഗികമായി തകര്‍ന്നത്. ഒരു കുടുംബത്തെ ബന്ധു വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
വ്യാപകമായ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. കുലച്ചതും, കുലയ്ക്കാറായതുമായ നൂറ് കണക്കിന് ഏത്തവാഴകള്‍, ടാപ്പ് ചെയ്യുന്നതുള്‍പ്പെടെയുള്ള റബ്ബര്‍ മരങ്ങള്‍, കായ്ഫലം ലഭിക്കുന്ന റംബൂട്ടാന്‍ മരങ്ങള്‍ തുടങ്ങിയവയാണ് കാറ്റില്‍ നശിച്ചത്. ഏകദേശം ഒരു കോടി രൂപയുടെ കൃഷി നാശം വന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നൂറിന് മുകളില്‍ കെ.എസ്.ഇ. ബി പോസ്റ്റുകളും പ്രദേശത്ത് തകര്‍ന്നിട്ടുണ്ട്.