Connect with us

Hi, what are you looking for?

NEWS

ഉരുൾപൊട്ടൽ മേഖലകളിൽ നിന്നും ജനങ്ങളെ മാറ്റാൻ നിർദ്ദേശം

എറണാകുളം: ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കളക്ടർ എസ്.സുഹാസ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി താലൂക്കുകളുടെ ചുമതലകളുള്ള ഡപ്യൂട്ടി കളക്ടർമാർക്ക് നിർദ്ദേശം നൽകി. അതിശക്തമായ മഴയുടെ പ്രവചനം മുന്നിൽ കണ്ട് ഏഴാം തീയതി വരെ ജനങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. 2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരെയുമാണ് മാറ്റുന്നത്. ജനങ്ങളെ സുരക്ഷിതമായ ബന്ധുവീടുകളിലേക്ക് താമസം മാറ്റാനാണ് കളക്ടർ നിർദ്ദേശം നൽകിയത്. അതിനു കഴിയാത്തവർക്കായി ക്യാമ്പുകൾ തുറക്കാനും നിർദ്ദേശിച്ചു. പഞ്ചായത്തുകളിലെ എമർജൻസി റെസ്പോൺസ് ടീമിനോട് ജാഗ്രത പുലർത്താനും ആവശ്യപ്പെട്ടു.

ജില്ലയിൽ കുന്നത്തുനാട് താലൂക്കിലെ കൊമ്പനാട്, വേങ്ങൂർ, കോതമംഗലം താലൂക്കിലെ നേര്യമംഗലം, കവളങ്ങാട്, കുട്ടമ്പുഴ, കടവൂർ എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളായി കണ്ടെത്തിയിട്ടുള്ളത്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ താലൂക്കിൻ്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ സജീവമാക്കാനും. ജില്ലാ അടിയന്തിര കാര്യനിർവഹണ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പുകളെല്ലാം ജനങ്ങളെ കൃത്യ സമയത്തു തന്നെ അറിയിക്കാനും കളക്ടർ നിർദ്ദേശിച്ചു. ജില്ലാ ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ എൻ.ആർ.വൃന്ദാദേവി, ഡപ്യൂട്ടി കളക്ടർമാരായ പി.ബി.സുനിലാൽ, എം.വി.സുരേഷ് കുമാർ, തഹസിൽദാർ മാർ എന്നിവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

You May Also Like

error: Content is protected !!