കോതമംഗലം : എം.ജി സർവ്വകലാശാല സംഘടിപ്പിക്കുന്ന അഖിലേന്ത്യ അന്തർ സർവ്വകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പ് 2022- ന്,കായിക രംഗത്ത് ഏറെ നേട്ടങ്ങൾ സ്വന്തമായുള്ള കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ തിരി തെളിഞ്ഞു . ജനുവരി 12 ബുധനാഴ്ച ,വൈകിട്ട് മാർ അത്തനേഷ്യസ് ഫുട്ബോൾ സ്റ്റേഡിയത്തിൽ , അഖിലേന്ത്യ അന്തർ സർവ്വകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പ് നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ. ജി. ജോർജ് അധ്യക്ഷത വഹിച്ചു.ദക്ഷിണ മേഖല /അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻ ഷിപ് ഓർഗനൈസിംഗ് സെക്രട്ടറി, എം.ജി.യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഫിസിക്കൽ എഡ്ക്കേഷൻ ഡയറക്ടർ ഡോ. ബിനു ജോർജ് വര്ഗീസ് സ്വാഗത പ്രസംഗം നടത്തി.
എം. എ. കോളേജ് പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ സന്നിഹിതയായി. ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ഫ്ലാഗ് പ്രതിപക്ഷ നേതാവ് വി. ഡി സതീശനും,മഹാത്മാ ഗാന്ധി സർവകലാശാലയുടെ ഫ്ലാഗ് ഡോ. ബിനു ജോർജ് വര്ഗീസും, മാർ അത്തനേഷ്യസ് കോളേജിന്റെ ഫ്ലാഗ് പ്രിൻസിപ്പൽ ഡോ ഷാന്റി എ അവിരയും ഉയർത്തി.യോഗത്തിൽ സന്തോഷ് ട്രോഫി താരങ്ങളായ മുഹമ്മദ് അജ്സൽ, സനേഷ് രാജ് , എന്നിവരെ ആദരിച്ചു. അഖിലേന്ത്യാ അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻ ഷിപ്പിന്റെ കൺവീനർ ഡോ. മാത്യൂസ് ജേക്കബ് നന്ദി പ്രകാശിപ്പിച്ചു.