കോതമംഗലം: കൃഷി വകുപ്പ് നടത്തിയ ഓണചന്തയുടെ ഭാഗമായി കോതമംഗലം ബ്ലോക്കിലേക്ക് ആവശ്യമായ രണ്ടര ടൺ പച്ചക്കറികൾ വട്ടവടയിൽ നിന്ന് നേരിട്ട് സംഭരിച്ച് വാഹനത്തിൽ ചുമന്ന് കയറ്റി രാത്രി രണ്ട് മണിയോടെ കോതമംഗലത്ത് എത്തിച്ച് ഇറക്കുകയും പിറ്റേ ദിവസം രാവിലെ കൃത്യമായ വിതരണത്തിന് നടപടിയെടുത്ത കോതമംഗലം മുനിസിപ്പൽ കൃഷിഭവനിലെ ഇ.പി.സാജു, പിണ്ടിമന കൃഷിഭവനിലെ വി.കെ.ജിൻസിനേയും എം.എൽ.എ ആൻ്റണി ജോൺ ആദരിച്ചു.
ഇവരുടെ അർപ്പണ മനോഭാവവും സേവന മനസ്കതയും നേരിട്ട് കണ്ട വട്ടവടയിലെ ഒരു കർഷകൻ അത് തൻ്റെ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതോടെ ഇവർ കാബേജ്, കിഴങ്ങ്, വെളുത്തുള്ളി, ബീറ്റ്റൂട്ട് ഉൾപ്പെടെയുള്ള പച്ചക്കറി ചാക്കുകൾ ലോഡ് ചെയ്യുന്നതായുള്ള വീഡിയോകളും ചിത്രങ്ങളും വൈറലായി.നിരവധി പേർ ഇവരെ അഭിനന്ദിച്ച് രംഗത്ത് വരുകയും സമൂഹ മാധ്യമങ്ങളിൽ കൂടി ഷെയർ ചെയ്യുകയും ചെയ്തതോടെ ജനകീയ അംഗീകാരത്തിന് കാരണമായി. വട്ടവടയിലെ മണ്ണിൻ്റെ മക്കൾക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് പച്ചക്കറി വാങ്ങുന്നത് വഴി അവരുടെ അദ്ധ്വാനത്തിൻ്റെ മൂല്യം പൂർണ്ണമായും ലഭ്യമാക്കുന്നതിനും സംഭരിച്ച പച്ചക്കറികൾ പൊതുവിപണിയേക്കാൾ മുപ്പത് ശതമാനം വിലക്കുറവിൽ ലഭ്യമാക്കുന്നതിനുമാണ് ഓണസമൃദ്ധിയിലുടെ ലക്ഷ്യമിട്ടത്.കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി.സിന്ധു, ബ്ലോക്കിലെ ശീതകാല പച്ചക്കറി സംഭരണ ഗ്രൂപ്പിൻ്റെ കൺവീനർ എം.എൻ.രാജേന്ദ്രൻ എന്നിവരടങ്ങുന്ന കൃഷിവകുപ്പ് ജീവനക്കാരുടെ പൂർണ്ണ പിന്തുണയും ഇവർക്ക് ലഭിച്ചിരുന്നു. കോതമംഗലം ചെറിയപള്ളിത്താഴത്തെ നഗരസഭാ കൃഷിഭവൻ്റെ ഓണച്ചന്തയിൽ വച്ച് വി.കെ.ജിൻസിനേയും ഇ.പി.സാജുവിനേയും എം.എൽ.എ പൊന്നാടയണിച്ച് ആദരിച്ചു.സർക്കാർ ജീവനക്കാർക്ക് മാത്യകയാണ് ഇരുവരുമെന്ന് എം.എൽ.എ.അഭിപ്രായപ്പെട്ടു.
നഗരസഭാ ചെയർമാൻ കെ.കെ.ടോമി, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി. സിന്ധു, കൗൺസിലർ റിൻസ് റോയി,കൃഷി ഓഫീസർമാരായ എം.എൻ.രാജേന്ദ്രൻ, ഇ.എം.മനോജ്,ഇ.എം അനീഫ, എൻ.ബി.സുകുമാരൻ, ലത്തീഫ് കുഞ്ചാട്ട്, രഞ്ജിത്ത് തോമസ്സ്, എന്നിവർ പങ്കെടുത്തു. വിവിധ പഞ്ചായത്തിലെ കൃഷിവകിപ്പിൻ്റെ ഓണചന്തയിൽ എം.എൽ.എ സന്ദർശനം നടത്തി പ്രവർത്തനം വിലയിരുത്തി.