കോതമംഗലം: സെപ്റ്റംബർ 4 മുതൽ 7വരെ കൃഷി വകുപ്പിൻ്റെ ഓണവിപണികൾ പ്രവർത്തനം ആരംഭിക്കുന്നു. കോതമംഗലത്ത് 12 ഓണവിപണികളാണുള്ളത്. മുനിസിപ്പൽ കൃഷിഭവൻ പരിധിയിൽ രണ്ടു വിപണികളും, മറ്റു പഞ്ചായത്തുകളിൽ ഓരോന്നു വീതവും വിപണികൾ പ്രവർത്തിക്കും.
കർഷകരുടെ ഉൽപ്പന്നങ്ങൾ കൂടാതെ വട്ടവടയിൽ നിന്നും, ഹോർട്ടികോർപ്പു മുഖേന സംഭരിച്ചതുമായ പച്ചക്കറികൾ വിപണികളിലുണ്ടാവും. കർഷകർക്ക് വിപണി വിലയെക്കാർ പത്തു ശതമാനം വില അധികം നൽകിയാണ് സംഭരിക്കുക. പൊതുവിപണിയെക്കാൾ മുപ്പതു ശതമാനം വില കുറച്ച് കൃഷിവകുപ്പ് മാർക്കറ്റിൽ നിന്ന് ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. പൈങ്ങോട്ടൂരിൽ നിന്നു മാത്രമായി മൂന്നു ടൺ ഉൽപ്പന്നങ്ങളാണ് വിവിധ ഓണച്ചന്തകളിലേക്ക് നൽകുന്നത്. വട്ടവടയിൽ നിന്ന് കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, എന്നിവ കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശനിയാഴ്ച വെളുപ്പിനു തന്നെ എത്തിച്ചിട്ടുണ്ട്.
പൈങ്ങോട്ടൂരിലെ കർഷകരുടെ ഉൽപ്പന്നങ്ങളായ പാവൽ, പടവലം, മത്തൻ, വെള്ളരി, സാലഡ് വെള്ളരി, ചുരയ്ക്ക എന്നിവയും തയ്യാറായിട്ടുണ്ട്. കനത്ത മഴക്കെടുതിയിൽ ഒട്ടേറെ കർഷകരുടെ പച്ചക്കറികൾ നഷ്ടമായെങ്കിലും ബാക്കിയുള്ള ഉൽപ്പന്നങ്ങൾ കൃത്യമായി സംഭരിക്കാനുള്ള നടപടികൾ അതാതു കൃഷിഭവൻ ഉദ്യോഗസ്ഥർ നടത്തിയിട്ടുണ്ട്. എല്ലാ വിപണികളിലേക്കു മുള്ള പച്ചക്കറികൾ ശനിയാഴ്ച ഉച്ചതിരിഞ്ഞ് കൃഷി ഉദ്യോഗസ്ഥർ ഏറ്റെടുക്കും. 12 വിപണികളും ഞായറാഴ്‌ച 11 മണി മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.