കോതമംഗലം : കോതമംഗലത്തെ കൃഷി അസി. ഡയറക്‌ടറുടെ ഓഫീസിനു മുന്നിലെ മതിലിലെ ദൃശ്യമാണിത്. കോതമംഗലം താലൂക്കിലെ നിരവധി പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാണ്. ആഫ്രിക്കൻ ഒച്ചുകളെ കൊണ്ടുള്ള ദൂഷ്യഫലങ്ങൾ ഇപ്പോഴും താലൂക്കിലെ ഭൂരിഭാഗം പേർക്കും അറിയില്ല എന്നതാണ് വാസ്തവം. കഴിഞ്ഞ വർഷം രാമല്ലൂർ ഉൾപ്പടെ ആഫ്രിക്കൻ ഒച്ച് ശല്യം വർദ്ധിച്ച സ്ഥലങ്ങളിൽ സന്ദർശനം നടത്തി പരിഹാരമാർഗങ്ങൾ നിർദ്ദേശിച്ച കൃഷി ഡയറക്ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ, ഇവർ ജോലി ചെയ്യുന്ന കൃഷി അസി. ഡയറക്ടറുതെ ഓഫീസ് മതിലിനു പുറത്തും, അടുത്തുള്ള കോടതി പരിസരത്തും നൂറു കണക്കിന് ആഫ്രിക്കൻ ഒച്ചുകൾ പെരുകി സഹവാസം തുടങ്ങിയത് കാണാത്തതും, അടിസ്ഥാന പ്രതിരോധ മാർഗ്ഗങ്ങളായ ഉപ്പ്, തുരിശ് ലായനി ഒക്കെ ഉപയോഗിച്ച് നശിപ്പിക്കാൻ ശ്രമിക്കാത്തതും എന്താണെന്ന് നാട്ടുകാർ ചോദിക്കുന്നു.
ഒച്ച് ശല്യം രൂക്ഷമാവുന്നിടത്ത് സന്ദർശിക്കാനോ, അവിടുത്തെ പ്രദേശവാസികൾക്ക് ഒച്ചുകളെ പ്രതിരോധിക്കുന്നതിന് വേണ്ട മാർഗങ്ങളോ, ബോധവത്കരണങ്ങളോ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല എന്നും കർഷകരും ജനങ്ങളും ഒരേ സ്വരത്തിൽ പറയുന്നു. ഒച്ചിന്റെ അതിവേഗത്തിലുള്ള വ്യാപനം തടയുന്നതിനായി ഉദ്യോഗസ്ഥരുടെ ഓഫീസിന് മുന്നിൽ നിന്ന് മാതൃകാപരമായ പ്രവർത്തനം ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.