കോതമംഗലം : ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടുകൊമ്പനെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് കാട്ടിലേക്ക് തുരത്തി. ഇഞ്ചത്തൊട്ടിയില്‍ ഇന്നലെയാണ് കൊമ്പന്‍ ഭീതി വിതച്ചത്. രാത്രിയില്‍ ജനവാസമേഖലയിലെത്തിയ കൊമ്പന്‍ നേരം പുലര്‍ന്നശേഷവും വനത്തിലേക്കു മടങ്ങിയിരുന്നില്ല. രാവിലെ വനപാലകരും നാട്ടുകാരും കൊമ്പനെ തുരത്താന്‍ രംഗത്തിറങ്ങി. റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ചും ബഹളമുണ്ടാക്കിയുമാണ് ഒന്‍പതരയോടെ ആനയെ വനത്തിലേക്ക് തുരത്തിയത്. സ്‌കൂളിനും കത്തോലിക്കാ പള്ളിക്കും സമീപത്താണ് ആന ഭീതിപരത്തിയോടിയത്. ഭയന്നോടിയവരില്‍ ചിലര്‍ക്ക് വീണ് നിസാര പരിക്കേറ്റു. റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ തട്ടിമറിച്ചിട്ടു. സ്‌കൂട്ടറിന് കേടുപാടുണ്ടായിട്ടുണ്ട്. വിദ്യാര്‍ഥികളടക്കം റോഡിലുണ്ടായിരുന്നപ്പോഴായിരുന്നു കൊന്പന്‍ പ്രദേശത്തെത്തിയത്. സ്‌കൂളിന് സമീപത്തേയ്ക്ക് പോകാതെ കാടുകയറിയത് ആശ്വാസമായി. വനമദ്ധ്യത്തിലുള്ള ഇഞ്ചത്തൊട്ടി ഗ്രാമവാസികള്‍ ഏറെ നാളുകളായി കാട്ടാനഭീതിയിലാണ്.