കോതമംഗലം : ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചിട്ടുള്ള കേരള സ്കൂൾ കായിക മേളയുടെ ഒരുക്കങ്ങൾ കോതമംഗലത്ത് പൂർത്തിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോതമംഗലം എം എ കോളേജിലാണ് സ്വിമ്മിംഗ് മത്സരങ്ങൾ നടത്തുന്നത്. 92 ഇനങ്ങളിൽ സബ് ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സരങ്ങൾ നടക്കുന്നതാണ്.എം.എ കോളേജിൽ 5-ാo തീയതി ആരംഭിച്ച് 8-ാം തീയതി അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 1400 ഓളം കുട്ടികൾ വിവിധ വിഭാഗങ്ങളിലായി മത്സരങ്ങളിൽ പങ്കെടുക്കും.ഇവിടെ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കും ഓഫീഷ്യൽസിനും ഭക്ഷണം നൽകുന്നതിനു വേണ്ടി പ്രത്യേക അടുക്കളയും,പന്തലും ഒരുക്കിയിട്ടുണ്ട്. പഴയിടം നമ്പൂതിരിയാണ് ഇവിടെ ഭക്ഷണം തയ്യാറാക്കുന്നതിൽ നേതൃത്വം നൽകുന്നത്. കോതമംഗലത്ത് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി നാലു സ്കൂളുകളിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ , സെന്റ് അഗസ്റ്റ്യൻ ഗേൾസ് എച്ച് എസ് എസ് , സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ , വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മാതിരപ്പിള്ളി എന്നീ സ്കൂളുകളിലായിട്ടാണ് കുട്ടികൾക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒരു സ്കൂളിൽ 18 ക്ലാസ് മുറികൾ വീതം കുട്ടികൾക്ക് ഒരുക്കിയിട്ടുണ്ട് . ഒരു സ്കൂളിൽ 350 ഓളം കുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ടാകും. കായികമേളയുടെ പ്രചരണത്തിന്റെ ഭാഗമായി വിവിധങ്ങളായ ബോർഡുകളും പോസ്റ്ററുകളും ആർച്ചുകളും ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്.കായികമേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിനും ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയ്ക്കും കഴിഞ്ഞ ദിവസങ്ങളിൽ കോതമംഗലത്ത് വൻ വരവേൽപ്പും നൽകിയിരുന്നു.മേളയുടെ സുഗമമായ നടത്തിപ്പിനായി 15 സബ് കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.എം എ കോളേജിലെ സിമ്മിംഗ് മത്സരങ്ങൾ 5ാംതീയതി രാവിലെ 9 മണിക്ക് ആരംഭിക്കുമെന്നും എം എൽ എ പറഞ്ഞു.