കോതമംഗലം : നിയമസഭ അഷ്വറൻസ് കമ്മിറ്റി(ഉറപ്പുകൾ സംബന്ധിച്ച നിയമസഭ സമിതി)ഇടുക്കി ജില്ലയിൽ സന്ദർശനം നടത്തി. നിയമസഭ അഷ്വറൻസ് കമ്മിറ്റി ടൂറിസം മേഖലകളിലുൾപ്പെടെയുള്ള മാലിന്യ നിർമ്മാർജ്ജന പ്രശ്നവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിൽ സന്ദർശനം നടത്തി. മൂന്നാർ പഞ്ചായത്ത് ഹാളിൽ തെളിവെടുപ്പ് യോഗവും ചേർന്നു. ജില്ലയിലെ ജനപ്രതിനിധികൾ,വിവിധ വകുപ്പ് മേധാവികൾ ഉൾപ്പെടെയുള്ളവർ പഞ്ചായത്ത് ഹാളിൽ നടന്ന അഷുറൻസ് കമ്മിറ്റിയുടെ സിറ്റിങ്ങിൽ പങ്കെടുത്തു.
മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. ഒരു മാസ കാലയളവിനുള്ളിൽ വീണ്ടും സമിതി യോഗം ചേർന്ന് വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ തീരുമാനിച്ചു.യോഗത്തിൽ സമിതി ചെയർമാൻ കെ പി എ മജീദ് അധ്യക്ഷത വഹിച്ചു.എംഎൽഎമാരായിട്ടുള്ള എം മുകേഷ്,ആൻ്റണി ജോൺ,വാഴൂർ സോമൻ,കെ അൻസലൻ,സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ സിറ്റിങ്ങിന് നേതൃത്വം നൽകി.