കോതമംഗലം: കേന്ദ്ര സിലബസിൽ പ്രവർത്തിക്കുന്ന സ്കൂളുകളുടെ നാലാമത് സംസ്ഥാന കായികമേളയുടെ ഭാഗമായുള്ള ജില്ലാ കായികമേള എം എ എഞ്ചിനീയറിംങ് കോളേജ് ഗ്രൗണ്ടിൽ ശ്രീ. ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോർട്സ് കൗൺസിലും കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂളും ചേർന്നാണ് കായികമേള സംഘടിപ്പിച്ചത്. എറണാകുളം ജില്ലയിലെ സിബിഎസ്ഇ, ഐസി എസ്ഇ,കേന്ദ്രീയ, നവോദയ സിലബസ്സുകളിൽ പ്രവർത്തിക്കുന്ന അമ്പതു സ്കൂളുകളിൽ നിന്നായി അറുന്നൂറോളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുത്തു. ജില്ലയിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ഡിസംബർ 30, 31 തീയതികളിൽ എറണാകുളത്തു വെച്ചു നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.
രാഷ്ട്രത്തിന് നിരവധി കായിക പ്രതിഭകളെ സംഭാവന ചെയ്തിട്ടുള്ള എം എ എഞ്ചിനീയറിംങ് കോളേജ് ഗ്രൗണ്ടിൽ എം എ ഇൻ്റർനാഷണൽ സ്കൂളിൻ്റെ ആതിഥേയത്വത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഫാ. മാത്യു കരീത്തറ സിഎംഐ (കൺവീനർ) സ്വാഗതവും ഡോ. ഇന്ദിരാ രാജൻ (സെക്രട്ടറി ജനറൽ ഓഫ് കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ്) മുഖ്യപ്രഭാഷണവും ശ്രീ. ജൂബി പോൾ (പ്രിൻസിപ്പൽ ,എം എ ഇൻ്റർനാഷണൽ സ്കൂൾ)നന്ദിയും രേഖപ്പെടുത്തി. ശ്രീമതി. സുചിത്ര ഷൈജിന്ത് (കൺവീനർ) കായിക താരങ്ങൾക്കുള്ള പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.