കോതമംഗലം: കീരമ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ സമസ്ത മേഖലകളെയും സമയ ബന്ധിതമായി മാലിന്യ മുക്തമാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി.ആൻ്റണി ജോൺ എംഎൽഎയുടെ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള മാലിന്യ നിർമ്മാർജ്ജന പദ്ധതി “അരുത് വൈകരുത് ” ൻ്റെ ഭാഗമായാണ് മാലിന്യ നിർമ്മാജ്ജനം നടപ്പിലാക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പുന്നേക്കാട് ചേർന്ന പൊതുയോഗം ആൻ്റണി ജോൺ എംഎൽഎ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി സി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. അജൈവ മാലിന്യങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേനാംഗങ്ങൾ നേരിട്ട് ശേഖരിച്ച് സംസ്കരണത്തിനയക്കും. ബഹുജന പങ്കാളിത്തത്തോടെ ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കും. പ്രകൃതി രമണീയമായ കീരമ്പാറ പഞ്ചായത്തിൻ്റെ ടൂറിസം മേഖലകളെ മാലിന്യ മുക്തമാക്കിക്കൊണ്ട് ടൂറിസം പദ്ധതികൾ നടപ്പിലാക്കും. ഹോം സ്റ്റേ പദ്ധതിയെ പ്രോൽസാഹിപ്പിക്കും.
അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കും.ചടങ്ങിൽ
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീബ ജോർജ്,ജില്ലാ പഞ്ചായത്തംഗം കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോമി തെക്കേക്കര,ലിസ്സി ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ ജിജോ ആൻ്റണി,മഞ്ജു സാജു,സിനി ബിജു, ഹരിത കേരളാ മിഷൻ ജില്ലാ കോർഡിനേറ്റർ സുചിത് കരുൺ, സാങ്കേതികോപദേഷ്ടാവ് ജോസ് ജോസഫ് മൂഞ്ഞേലിൽ, അരുത് വൈകരുത് പദ്ധതി കോർഡിനേറ്റർ ബെന്നി ആർട്ട്ലൈൻ, സി ഡി പി ഒ പിങ്കി,പഞ്ചായത്ത് സെക്രട്ടറി ലിജോ ആഗസ്റ്റ്യൻ,ഫാദർ ജോസ് പറണായിൽ എന്നിവർ പങ്കെടുത്തു.