- ഷാനു പൗലോസ്
കോതമംഗലം: എൽ.ഡി.എഫിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്ത കീരംപാറ പഞ്ചായത്ത് ഭരണത്തിലെ രണ്ടാമൂഴത്തിൽ നാടുകാണി ചെമ്പിക്കോട് ഒൻപതാം വാർഡ് അംഗവും, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റുമായ ഗോപി മുട്ടത്ത് കീരംപാറ പഞ്ചായത്തിൻ്റെ പ്രസിഡൻ്റായി ചുമതലയേറ്റു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പതിമൂന്ന് വാർഡുകളുള്ള കീരംപാറ പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 6 സീറ്റ് വീതം ലഭിച്ചിരുന്നു. സ്വതന്ത്രയായി മത്സരിച്ച ഷീബാ ജോർജ് വിജയിച്ച എൽ.ഡി.എഫിനൊപ്പം ചേർന്നതോടെ പ്രസിഡൻ്റായി വി.സി ചാക്കോ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥി മുന്നണിക്കൊപ്പം ചേർന്നതിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി യു.ഡി.എഫ് ഇലക്ഷൻ കമ്മീഷനെ സമീപിച്ചതോടെ ഷീബാ ജോർജിൻ്റെ അംഗത്വത്തിന് അയോഗ്യത ഉത്തരവായി. തുടർന്ന് നടന്ന ഉപതെരെഞ്ഞെടുപ്പിൽ കോൺഗ്രസിലെ
ഷാൻ്റി ജോസ് തെരെഞ്ഞെടുക്കപ്പെട്ടതോടെ ഭരണം യു.ഡി.എഫിൻ്റെ കൈകളിലെത്തി.
ഡി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ അധ്യക്ഷതയിൽ കോൺഗ്രസ് നേതാക്കളായ എ.ജി ജോർജ്, കെ.പി ബാബു, എബി എബ്രാഹാം , മുൻ കീരംപാറ മണ്ഡലം പ്രസിഡൻ്റ് ബിനോയി പീറ്റർ മഞ്ഞുമ്മേക്കുടി എന്നിവരും കോൺഗ്രസ് അംഗങ്ങളും ചേർന്ന് നടത്തിയ ചർച്ചയിൽ പ്രസിഡൻ്റ് സ്ഥാനം ആദ്യ ടേം മാമച്ചൻ ജോസഫിനും രണ്ടാം ടേം ഗോപി മുട്ടത്തിനും നൽകാൻ ധാരണയായിരുന്നു.
ഈ ധാരണ പ്രകാരം മാമച്ചൻ ജോസഫ് രാജി വെച്ചതിനെ തുടർന്നാണ് ഇന്ന് രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ തെരെഞ്ഞെടുപ്പ് നടത്തിയത്. പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ ഗോപി മുട്ടത്തിനെതിരെ എൽ.ഡി.എഫിലെ വി.സി ചാക്കോയായിരുന്നു മത്സരിച്ചത്.
കോതമംഗലം എംപ്ലോയിമെൻ്റ് ഓഫീസർ ജയമോൾ വരണാധികാരിയായിരുന്നു.