കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ സപ്തദിന ക്യാമ്പിന് പല്ലാരിമംഗലം ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ തുടക്കമായി. യുവത്വം ആസ്തികളുടെ വികസനത്തിന് എന്ന ലക്ഷ്യത്തോടെ പുനർജ്ജനി 2021 എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിന്റെ ഉത്‌ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കോളേജ് സെക്രട്ടറി ബിനു കൈപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. സ്‌കൂളിന്റെ നവീകരണപ്രവർത്തനങ്ങളും അടുക്കളതോട്ട നിർമ്മാണവും ആണ് വിദ്യാർത്ഥികൾ ഏറ്റെടുത്തിരിക്കുന്നത്.
സ്‌കൂൾ നവീകരണ പ്രവർത്തനങ്ങളുടെ ഉത്‌ഘാടനം പല്ലാരിമംഗലം ഗ്രാമ പഞ്ചായത് പ്രസിഡന്റ് ഖദീജ മുഹമ്മദ് നിർവഹിച്ചു. കൂടാതെ പാരമ്പര്യേതര ജലസ്രോതസുകളുടെ സംരക്ഷണ പ്രവർത്തനങ്ങളും ക്യാമ്പിന്റെ ഭാഗമായി നടത്തപ്പെടും. കോളേജിലെ 100 വിദ്യാർത്ഥികളാണ് ഏഴു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ പങ്കെടുക്കുക. ക്യാമ്പിനോട് അനുബന്ധിച് വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസത്തിന് വേണ്ടി വിവിധ ക്ലാസ്സുകളും സോപ്പിന്റെ നിർമ്മാണത്തെക്കുറിച്ചുള്ള ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ക്യാമ്പിന്റെ പതാക ഉയർത്തൽ നടത്തി.
കോളേജ് മെക്കാനിക്കൽ വിഭാഗം മേധാവി പ്രഫ നിധീഷ് എൽദോ ബേബി, പ്രോഗ്രാം ഓഫീസർ ബേസിൽ എൽദോസ് , സ്‌കൂൾ പി റ്റി എ പ്രസിഡന്റ് ഷിജീബ് എൻ എം , പ്രഫ. എൽദോസ് ലോമി എന്നിവർ സംസാരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രൻ സ്വാഗതവും വോളന്റീയർ സെക്രട്ടറി അശ്വിൻ സച്ചിത് നന്ദിയും പറഞ്ഞു.