കോതമംഗലം : കവളങ്ങാട് പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പും വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയ ചര്‍ച്ചയും ഓരേ ദിവസം. ആഗസ്റ്റ് 1ന് രാവിലെ 11നാണ് അവിശ്വാസചര്‍ച്ചയും തിരഞ്ഞെടുപ്പും നടത്തുന്നതിനാണ് അറിയിപ്പ്്് വന്നിരിക്കുന്നത്. ബുധനാഴ്ച ആണ് അവിശ്വാസപ്രമേയ തീയതിയുടെ നോട്ടീസ് ബി.ഡി.ഒ. നല്‍കിയത്. വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ച് നോട്ടീസ് നല്‍കി. രണ്ട് വകുപ്പുകള്‍ തമ്മില്‍ സാങ്കേതികമായി വന്ന ധാരണപിശകാം രണ്ടും ഒരു ദിവസം വന്നതിന് കാരണമെന്നാണ് പഞ്ചായത്ത് അംഗങ്ങള്‍ വിലയിരുത്തുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറി ബന്ധപ്പെട്ടവരെ രേഖാമൂലം വിവരം അറിയിച്ചിട്ടുണ്ട്.
ഭരണം അട്ടിമറിക്കാന്‍ എല്‍.ഡി.എഫ്. അണിയറയില്‍ നീക്കം നടത്തുമ്പോള്‍ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ ഊര്‍ജ്ജിത ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. യു.ഡി.എഫ്. ഭരണത്തിലുള്ള പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് ജിംസിയ ബിജുവിനെതിരെയാണ്് നാല് കോണ്‍ഗ്രസ അംഗങ്ങളുടെ പിന്തുണയോടെ എട്ട്് എല്‍.ഡി.എഫ്. മെംമ്പര്‍മാര്‍ അവിശ്വസത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. പതിനെട്ട അംഗ ഭരണസമിതിയാണിവിടെയുള്ളത്. യു ഡി എഫ് ഒമ്പത്, എല്‍ ഡി എഫ് എട്ട്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് അംഗബലം. അവിശ്വാസ
പ്രമേയം ചര്‍ച്ചക്കെടുക്കുമ്പോള്‍ നോട്ടീസില്‍ ഒപ്പിട്ട എല്ലാവരും പിന്തുണച്ചാല്‍ ജിംസിയക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടും. അതേസമയം എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന നാല് കോണ്‍ഗ്രസ് അംഗങ്ങളേയും പിന്തിരിപ്പിക്കാനുള്ള നീക്കം ഡി.സി.സി. നേതൃത്വം ആരംഭിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മരണത്തേതുടര്‍ന്ന് നിശ്ചയിച്ചിരുന്ന ചര്‍ച്ചകള്‍ മാറ്റിവക്കുകയായിരുന്നു. കോണ്‍ഗ്രസിലെ ധാരണപ്രകാരമാണ് പ്രസിഡന്റ് സൈജന്റ് ചാക്കോ രാജിവച്ചത്. അഡ്വ. എം.കെ. വിജയനാണ് തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്നത്. ഇതുസംബന്ധിച്ച് സ്വതന്ത്ര അംഗമായ ജിംസിയ ബിജുവും ലീഗ് സ്വതന്ത്ര അംഗം രാജേഷ് കുഞ്ഞുമോനും പിന്തുണക്ക് തര്‍ക്കം ഉന്നയിച്ചതോടെയാണ് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായതും കോണ്‍ഗ്രസ് അംഗങ്ങള്‍ എല്‍.ഡി.എഫിനൊപ്പം ചേരാന്‍ കാരണമായതും. തിങ്കളാഴ്ച ഡി.സി.സി. പ്രസിഡന്റ്് സമവായത്തിനായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായില്ല. കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളും സൈജന്റ് ഉള്‍പ്പെടെയുള്ള അംഗങ്ങളും, വൈസ് പ്രസിഡന്റ്, ലീഗ് പ്രതിനിധികളും ആണ്്് ചര്‍ച്ചയില്‍ പങ്കെടുത്തത്. തര്‍ക്കം പരിഹരിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ധാരണപ്രകാരം വിജയന് പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കിയിട്ടും മറുകണ്ടം ചാടിയത് എന്തിനാണെന്ന് പുന:പരിശോധിക്കും. എല്‍.ഡി.എഫിനൊപ്പം പോയവരെ തിരിച്ചുകൊണ്ടുവന്ന ഭരണം ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. തര്‍ക്കം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പഞ്ചായത്തിലെ യു.ഡി.എഫ്. ഭരണത്തിന് അന്ത്യം കുറിക്കും. ജിംസിയയെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്തിയും മുന്‍ധാരണപ്രകാരം അഡ്വ. എം.കെ. വിജയനെ പ്രസിഡന്റാക്കിയും പ്രശ്നം പരിഹരിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. അവിശ്വാസ പ്രമേയചര്‍ച്ചയിലെ ഫലം തുടര്‍ന്ന് വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനേയും സ്വാധീനിക്കും. യു.ഡി.എഫിലും കോണ്‍ഗ്രസിലുമുള്ള ഭിന്നതയും ആശയക്കുഴപ്പവും മുതലെടുക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് എല്‍.ഡി.എഫ്.