കോതമംഗലം : കാട്ടാന ശല്യം കൊണ്ട് പൊറുതിമുട്ടിയതിനെ തുടർന്ന് തലക്കോട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് 26 ന് രാവിലെ 10 ന് നാട്ടുകാരുടെ ബഹുജന മാർച്ചും ധർണ്ണയും. കഴിഞ്ഞ 6 മാസത്തിലധികമായി അള്ളുങ്കൽ, പാച്ചോറ്റി, ചുള്ളിക്കണ്ടം, ചാത്തമറ്റം, ഉപ്പുകുഴി, തലക്കോട് പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. പ്രദേശത്ത് മാറി മാറി തമ്പടിക്കുന്ന കാട്ടാനക്കൂട്ടം നാട്ടുകാരുടെ കൃഷിയിടങ്ങളിൽ വ്യാപകമായ നാശമാണ് വരുത്തിയിട്ടുള്ളത്. കാട്ടാനകളെപ്പേടിച്ച് പ്രദേശവാസികൾക്ക് രാത്രിയും പകലും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് പ്രദേശത്ത്.
കാട്ടാന ശല്യം രൂക്ഷമായിട്ടും ഇവയെ തുരത്താനോ മറ്റു പ്രതിരോധ നടപടികൾ സ്വീകരിക്കാനോ അധികൃതർ തയ്യാറായിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് അള്ളുങ്കൽ കവലയിൽ നാട്ടുകാരുടെ യോഗം ചേർന്ന് ഞായറാഴ്ച ജനകീയ പ്രതിരോധ സമിതി രൂപീകരിച്ചു. സമിതിയുടെ നേതൃത്വത്തിലാണ് 26 ന് തിങ്കളാഴ്ച തലക്കോട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തുന്നത്. പഞ്ചായത്തംഗങ്ങളായ രാജേഷ് കുഞ്ഞുമോൻ , തോമാച്ചൻ ചാക്കോച്ചൻ , സുഹറ ബഷീർ എന്നിവരാണ് സമിതി രക്ഷാധികാരികൾ . യാസർ മുഹമ്മദ് (ചെയർമാൻ ) പി എം എ കരീം (വൈസ് ചെയർമാൻ) പി ടി ബെന്നി (കൺവീനർ) ബി പി ബിനോയി (ജോ. കൺവീനർ ) തങ്കച്ചൻ നൂനൂറ്റിൽ (ട്രഷറർ) എന്നിവരാണ്
ഭാരവാഹികൾ.