കോതമംഗലം: വിധവയും മറ്റാരും സഹായത്തിനില്ലാത്തതുമായ വീട്ടമ്മയ്ക്ക് കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ അതിദാരിദ്ര്യ റേഷൻ കാർഡ് നൽകി. രാമല്ലൂർ വടക്കൻ വീട്ടിൽ അന്നക്കുട്ടി വർഗീസിനാണ് കോതമംഗലം മാർത്തോമ ചെറിയപള്ളി കൺവെൻഷൻ സെന്ററിൽ നടന്ന അദാലത്തിൽ ഒരു മണിക്കൂറിനുള്ളിൽ മന്ത്രി പി. രാജീവ് റേഷൻ കാർഡ് നൽകിയത്. അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെടുന്ന എല്ലാവർക്കും റേഷൻ കാർഡ് ലഭ്യമാക്കണമെന്ന് മന്ത്രി പി. രാജീവ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
മൂന്ന് വർഷത്തോളമായി അന്നകുട്ടി അതിദാരിദ്ര്യ റേഷൻ കാർഡ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ട്. പരാതിയിന്മേൽ പരിഹാരം ലഭ്യമാകാത്തതിനെ തുടർന്നാണ് അദാലത്ത് വേദിയിൽ എത്തിയത്. വീട്ടുജോലി ചെയ്തു കിട്ടുന്ന വരുമാനത്തിൽ കഴിയുന്ന അന്നക്കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് ജോലിക്ക് പോകാൻ സാധിക്കുന്നില്ല. സർക്കാരിൽ നിന്നും ലഭിക്കുന്ന പെൻഷൻ തുക മാത്രമാണിപ്പോൾ ആശ്രയം. ജീവിത ശൈലീ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന അന്നക്കുട്ടിക്ക് വയോമിത്രം പദ്ധതിപ്രകാരം മരുന്നുകളും ലഭിക്കുന്നുണ്ട്. മുൻഗണനാ റേഷൻ കാർഡ് ലഭിച്ചതിനു സർക്കാരിന് നന്ദി അറിയിച്ചാണ് അന്നക്കുട്ടി വർഗീസ് അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്.