മൂവാറ്റുപുഴ:കല്ലൂര്‍ക്കാട് നീറംമ്പുഴ കവലയ്ക്ക് സമീപം സ്‌കൂള്‍ ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. സ്‌കൂള്‍ കുട്ടികളെ കയറ്റിവന്ന വാഴക്കുളം സെന്റ് തെരേസാസ് ഹൈസ്‌കൂളിന്റെ ബസാണ് തിങ്കളാഴ്ച രാവിലെ 9.30ഓടെ കത്തി നശിച്ചത്. 25 ഓളം കുട്ടികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കല്ലൂര്‍ക്കാട് എത്തിയപ്പോഴാണ് ബസ്സിന്റെ മുന്‍ ഭാഗത്തുനിന്നും തീയും പുകയും ഉയരുന്നത് കണ്ട ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം നിര്‍ത്തി കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. കുട്ടികളെ ഇറക്കിയതോടെ ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ബസ് പൂര്‍ണമായും കത്തി നശിച്ചെങ്കിലും ആര്‍ക്കും പരിക്കുകള്‍ ഇല്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.
