- റിജോ കുര്യൻ ചുണ്ടാട്ട്
കോതമംഗലം: മതേതരത്തിന്റെ മണ്ണായ കോതമംഗലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കാൻ വരുന്നവരെ തടയുവാൻ ജാതിയും മതവും നോക്കാതെ ഞങ്ങൾ മുന്നിലുണ്ടാകുമെന്ന് മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കെ.എ നൗഷാദ്. കോതമംഗലം ചെറിയ പള്ളി യാക്കോബായ സഭയുടേതാണ്. പക്ഷേ ഈ പള്ളിയാണ് കോതമംഗലത്തിന്റെ വിജയം. ഇത് കേവലം സ്വത്ത് തർക്കമല്ല, നൂറ്റാണ്ടുകളായി പിന്തുടരുന്ന വിശ്വാസത്തെ ഇളക്കി മാറ്റി പുതിയ വിശ്വാസം സ്ഥാപിക്കാനുള്ള നീക്കമാണെന്നും കെ.എ നൗഷാദ് കുറ്റപ്പെടുത്തി. മതേതരത്തിന്റെ ആണിക്കല്ല് ആയ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ വിശ്വാസം ഞങ്ങൾ സംരക്ഷിക്കും എന്ന ഉറച്ച നിലപാട് ജനങ്ങൾ ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
കോതമംഗലം എം.എൽ.എ ആൻറണി ജോൺ, മുൻസിപ്പൽ ചെയർപേഴ്സൺ മൻജു സിജു, വൈസ് ചെയർമാൻ എ.ജി ജോർജ്, രാഷ്ട്രീയ സാമൂഹീക നേതാക്കൻമാർ, വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ, ബസ് ഓണേഴ്സ് അസോസിയേഷൻ, ഓട്ടോറിക്ഷ യൂണിയൻ, ഇതര മത സംഘടനകൾ, പൗരാവലി, മത മൈത്രി സംരക്ഷണ സമിതി തുടങ്ങി ഏവരും കോതമംഗലത്ത് പ്രശ്നങ്ങൾ ഉണ്ടാകരുതെന്ന് ആഗ്രഹിച്ച് വേണ്ട കരുതൽ നടപടികളുമായി നിലകൊണ്ടതോടെയാണ് മാർ തോമ ചെറിയ പള്ളിയിലെ വിശ്വാസം വീണുടയാതെ സംരക്ഷിക്കാൻ സാധിച്ചതെന്നാണ് പൊതു വിലയിരുത്തൽ.
കോതമംഗലത്തിന്റെ കെടാ വിളക്ക് അണയാതെ കാത്തു സൂക്ഷിച്ച നാനാ ജാതി മതസ്ഥരായ എല്ലാ വിശ്വാസികൾക്കും, മുൻസിപ്പാലിറ്റിയിലെ ഭരണ/പ്രതിപക്ഷ അംഗങ്ങൾക്കും, വിവിധ മത രാഷ്ട്രീയ നേതാക്കൾക്കും, നാട്ടുകാർക്കും വ്യാപാരി വ്യവസായികൾക്കും ബസ്, ഓട്ടോ തൊഴിലാളികൾക്കും, നല്ലവരായ നാട്ടുകാർക്കും ഹൃദയത്തിൽ നിന്ന് നന്ദിയും അഭിനന്ദനങ്ങളും സമർപ്പിക്കുന്നുവെന്ന് മാർ തോമ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ പ്രതികരിച്ചു.
You must be logged in to post a comment Login