കുട്ടമ്പുഴ : കോതമംഗലം മേഖലയിൽ മനുഷ്യമൃഗസംഘർഷം ഏറ്റവും രൂക്ഷമായ സ്ഥലമാണ് കുട്ടമ്പുഴ, പിണ്ടിമന , കോട്ടപ്പടി പഞ്ചായത്തുകൾ. ഒരായുസ്സിന്‍റെ അധ്വാനമത്രയും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇല്ലാതാകുന്നതിന്‍റെ വേദനയാണ് ഗ്രാമങ്ങളിലെ വന അതിർത്തികളിൽ താമസിക്കുന്ന ഓരോ കർഷകനും പങ്കുവെക്കാനുള്ളത്. അതുപോലെ പൂയംകുട്ടി പടിഞ്ഞാറേക്കര എൽദോസ്ന്റെ വീടിന് സമീപമുള്ള കിണറിൽ കാട്ടാന വീണപ്പോൾ നഷ്ടം സംഭവിച്ചത് ഒരു കോട്ടപ്പടിക്കാരന് കൂടിയാണ്. കോട്ടപ്പടി മുട്ടത്തുപാറ കളപ്പുരക്കൽ വീട്ടിൽ ജിതിൻ ജൂഡിയുടെ സ്കൂട്ടർ ആണ് കാട്ടാനക്കൊപ്പം ശ്രദ്ധനേടിയത്. കോട്ടപ്പടി പഞ്ചായത്തിലെ കാട്ടാന ശല്യം രൂക്ഷമായ പ്രദേശത്തു താമസിക്കുന്ന വ്യക്തിയാണ് ജിതിൻ. കാട്ടാന പ്ലാവിൽ കയറി ചക്ക ഇടുന്നതും, കൃഷി സ്ഥലങ്ങൾ നശിപ്പിക്കുന്നതും യൂട്യൂബിലെ TASTE HUNT TRAVEL – THT എന്ന ചാനലിലൂടെ പങ്കുവെക്കുന്ന ചെറുപ്പക്കാരനുകൂടിയാണ് ഇന്നലെ കാട്ടാന മൂലം നഷ്ട്ടം സംഭവിച്ചിരിക്കുന്നത്.
പൂയംകുട്ടിയിൽ കാട്ടാന കിണറ്റിൽ വീണിട്ടുന്ന സന്ദേശം കിട്ടിയതും ക്യാമറയുമായി സന്തത സഹചാരിയായ സ്കൂട്ടറുമായി മുപ്പത് കിലോമീറ്റർ അകലെയുള്ള സഹ്യന്റെ പുത്രനെ തേടി പോകുകയായിരുന്നു. സ്ഥലത്തെത്തിയ ജിതിൻ കാഴ്ചകളെല്ലാം പകർത്തി നിൽക്കുമ്പോൾ ആണ് കിണറ്റിൽ നിന്നും കയറിവന്ന കാട്ടാന തന്റെ സ്കൂട്ടറിനെ മാത്രം ആക്രമിക്കുന്ന കാഴ്ച്ച കാണുന്നത്. രണ്ട് വർഷം മാത്രം പഴക്കമുള്ള സ്കൂട്ടർ ഇനി പതിനായിരത്തോളം രൂപ മുടക്കിയാലേ ഉപയോഗിക്കാൻ സാധിക്കൂ. ആരോടും പരാതിയും പരിഭവും ഇല്ലാതെ ആനപ്രേമത്തിന് ഒരു കോട്ടവും തട്ടാതെ തുടർന്നും വീഡിയോ ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ജിതിൻ എന്ന മൃഗ സ്‌നേഹി.