കോതമംഗലം: ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ ഭവനങ്ങളിൽ പൈപ്പിലൂടെ ശുദ്ധ ജലമെത്തിക്കുന്ന “ജല ജീവൻ” പദ്ധതിയുടെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ ഈ വർഷം 13000 ത്തോളം കണക്ഷനുകൾ ലഭ്യമാക്കും. നിലവിലുള്ള പൈപ്പ് ലൈനുകൾ വഴിയും കേടുപാടുകൾ സംഭവിച്ച പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിച്ചും,പൈപ്പ് ലൈനുകൾ നീട്ടിയും ആണ് വീടുകളിൽ കുടിവെള്ളം എത്തിക്കുന്നത്. 80 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയ്ക്കായി ജില്ലാതല ശുചിത്വ മിഷൻ്റെ (ഡി ഡബ്ല്യൂ എസ് എം) ഭരണാനുമതി ലഭ്യമായി. കോതമംഗലം മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലായിട്ടാണ് 13000 ത്തോളം കണക്ഷനുകൾ നൽകുന്നത്.
കവളങ്ങാട് പഞ്ചായത്ത് – 800, കീരംപാറ പഞ്ചായത്ത് – 300,കോട്ടപ്പടി പഞ്ചായത്ത് – 700,കുട്ടമ്പുഴ പഞ്ചായത്ത് – 1800,നെല്ലിക്കുഴി പഞ്ചായത്ത് – 2300, പല്ലാരിമംഗലം പഞ്ചായത്ത് 900,പിണ്ടിമന പഞ്ചായത്ത് – 2897,വാരപ്പെട്ടി പഞ്ചായത്ത് – 3292 എന്നിങ്ങനെ 13000 ത്തോളം കണക്ഷനുകളാണ് നൽകുന്നത്. പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് ആൻ്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.പദ്ധതിയുടെ തുടർ നടപടികൾ വേഗത്തിലാക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡൻ്റ് എം കെ വേണു,പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് പി കെ മൊയ്തു,കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാ ലാലു, പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് ജെയ്സൺ ദാനിയേൽ,ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ,വാട്ടർ അതോറിറ്റി എ എക്സ് ഇ നിഷ ഐസക്,എ ഇ ദിനിൽ വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.