കോതമംഗലം: യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം കോതമംഗലം മേഖല കൗൺസിലിന്റെ നേതൃത്വത്തിൽ വന്യജീവി ആക്രമണത്തിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ആന്റണി ജോൺ എം.എൽ.എ യുടെ സാന്നിദ്ധ്യത്തിൽ വനം വകുപ്പുമന്ത്രി എ.കെ ശശീന്ദ്രനു നിവേദനം നല്കി.
മേഖലയിലെ അരുവാപ്പാറ മുതൽ നീണ്ട പാറ വരെയുള്ള വേങ്ങൂർ, കോട്ടപ്പടി, പിണ്ടിമന, കീരoപാറ,കുട്ടം പുഴ, കവളങ്ങാട് ഉൾപ്പെടുന്ന 6- പഞ്ചായത്തുകളിലായി 17 – പള്ളികളും,2 ചാപ്പലുകളും, സ്കൂളുകളും, മത പഠന ശാലകളും ഉൾപ്പെടുന്നു.
ഈ പ്രദേശങ്ങളിലെ യാക്കോബായ വിശ്വാസികളും, ഇതര വിഭാഗങ്ങളിലുമായിഒരു ലക്ഷത്തോളം ആളുകൾ വന അതിർത്തിയിൽ താമസിക്കുന്നു. ഈ പ്രദേശങ്ങളിൽ
ദിവസേന കാട്ടുമൃഗങ്ങൾ ജനവാസ മേഖകളിൽ ഇറങ്ങി ജനങ്ങളെ ആക്രമിക്കുകയും, ജീവഹാനി സംഭവിക്കുകയും, കൃഷി നശിപ്പിക്കുകയും ചെയ്യുന്നതു മൂലം ജീവിതം ദുസ്സഹമായിരിക്കുന്നു. കുട്ടികളെ സ്കൂളിൽ അയച്ചു തിരികെ എത്തുന്നതു വരെ മാതാപിതാക്കൾ ഭീതിയിലാണ് .
അതുകൊണ്ട് വന്യമൃഗങ്ങളുടെ ഉപദ്രവം ഉണ്ടാകാതിരിക്കുന്നതിന് വേണ്ട ശാശ്വത പരിഹാര നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം വനം വകുപ്പുമന്ത്രിക്കു കൈമാറി. എത്രയും വേഗം പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്കി.
ഭദ്രാസന കൗൺസിൽ ഭാരവാഹികളായ ഫാ.ജോസ് ജോൺ പരണായിൽ, ഫാ. എൽദോസ് പുൽപ്പറമ്പിൽ, ഫാ. സിബി ഇടപ്പുളവൻ, ജോർജ് എടപ്പാറ, കുര്യാക്കോസ് സി.റ്റി എന്നിവർ നേത്യത്വം നല്കി.
