കോതമംഗലം: വടാട്ടുപാറ അരീക്കാസിറ്റിയിൽ വളർത്തുനായയെ കൊന്നതു പുലിയാണെന്ന സംശയത്തിൽ വനംവകുപ്പ് പ്രദേശത്തു നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. വട്ടക്കുന്നേൽ ജോസഫ് പൈലിയുടെ വീട്ടുമുറ്റത്തു കെട്ടിയിരുന്ന നായയെയാണു ബുധനാഴ്ച രാത്രി കൊന്നത്. 3 നായ്ക്കളുണ്ടായിരുന്നതിൽ ഒരെണ്ണത്തിനെയാണു പിടിച്ചത്. കെട്ടിയിട്ടിരുന്നതിനാൽ കൊണ്ടുപോകാൻ സാധിച്ചില്ല.നേരത്തെയും പ്രദേശത്തു വളർത്തുനായ്ക്കൾ കൊല്ലപ്പെട്ടിട്ടുണ്ട്. പുലിയാണെന്നു സ്ഥിരീകരിച്ചാൽ കൂടുവച്ചു പിടികൂടാനുള്ള നടപടി സ്വീകരിക്കും. സമീപപ്രദേശമായ ചക്കിമേട് റോഡരികിലെ വനത്തിൽ ചൊവ്വാഴ്ച പകൽ കണ്ട പുലിയുടെ വിഡിയോ പ്രചരിച്ചിരുന്നു. ആന്റണി ജോൺ എംഎൽഎ വനപാലകരോടൊപ്പം പ്രദേശം സന്ദർശിച്ചു.
