കോതമംഗലം: പെരിയാര്‍ വാലി കനാല്‍ ബണ്ട് റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താതെ തകര്‍ച്ചയിലായിട്ട് പത്തുവര്‍ഷത്തിലേറെയാകുന്നു. കനാലുകളിലെ പോലും വാര്‍ഷിക അറ്റകുറ്റപ്പണിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് വിവരം. കനാല്‍ കടുന്നു പോകുന്ന പ്രദേശത്തെ ആളുകള്‍ പ്രധാന റോഡിലേക്ക് ഉള്‍പ്പെടെ എത്താന്‍ ആശ്രയിക്കുന്നത് ബണ്ട് റോഡുകളാണ്. പലയിടത്തും ടാറിംഗ് തകര്‍ന്ന് റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായി. വീതി കുറഞ്ഞ ബണ്ട് റോഡുകള്‍ക്ക് ഇരുവശവും കാടുകയറി കിടക്കുന്നത് കാരണം വാഹനങ്ങള്‍ക്ക് കാഴ്ച മറയും. പുല്ലും ചെടികളും വളര്‍ന്നു നില്‍ക്കുന്ന വഴിയിലൂടെ പോയാല്‍ കാട്ടിലൂടെ പോകുന്ന പ്രതീതിയാണ്. മഴക്കാലമായതോടെ തകര്‍ന്ന റോഡിലെ ചെറുതും വലുതുമായ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും അപകടം സൃഷ്ടിക്കുന്നു. കാടും കുഴിയും കാരണം എതിരെ വരുന്ന വാഹനത്തിന് കടന്നു പോകാന്‍ സ്ഥലപരിമിതിയും വാഹനങ്ങളെ അപകടത്തിലാക്കുന്നുണ്ട്. കുഴി വെട്ടിച്ച് പോകുന്നതിനിടെ ഇരുചക്രവാഹന യാത്രികര്‍ക്കാണ് അപകടസാധ്യത കൂടുതല്‍. വഴിവിളക്കിന്റെ അഭാവത്തില്‍ രാത്രികാല സഞ്ചാരമാണ് ഏറ്റവും ബുദ്ധിമുട്ടാകുന്നത്.
ഇക്കുറി കനാലുകള്‍ നാല് മാസം മുന്‌പേ തുറന്നു. കനാലുകളിലെ വാര്‍ഷിക അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. കനാലിന്റെ പ്രതലത്തിലും ഇരുവശത്തും അടിഞ്ഞ് കൂടിയ ചെളിയും കാടും നീക്കേണ്ടതുണ്ട്. വര്‍ഷങ്ങളായി അനുവദിക്കുന്ന തുക കൊണ്ട് നാമമാത്ര പണികളെ നടത്താനാകൂ. കൂടുതല്‍ തുക അനുവദിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് വിവിധ കാരണം നിരത്തി ഒളിച്ചുകളി നടത്തുകയാണെന്നും ആക്ഷേപമുണ്ട്. ഭൂതത്താന്‍കെട്ടിന് സമീപം ചെങ്കരയില്‍ നിന്നു തുടങ്ങുന്ന മെയിന്‍ കനാലും, അയിരൂര്‍പ്പാടം അടിയോടി കവലയില്‍ നിന്ന് ഹൈ ലെവല്‍, ലോ ലെവല്‍ കനാലുകളായി തിരിഞ്ഞും, വിവിധ ബ്രാഞ്ച് കനാലുകളുടെയും നവീകരണത്തിന് 3.20 കോടി രൂപ ഫണ്ട് അനുവദിച്ചിട്ട് മാസങ്ങളായെങ്കിലും പണികള്‍ തുടങ്ങിയിട്ടില്ല. മുപ്പത് കിലോമീറ്റര്‍ റോഡ് ടാര്‍ ചെയ്യുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.