പൈങ്ങോട്ടുര്‍: പൈങ്ങോട്ടുര്‍ പഞ്ചായത്തിലെ അഴമേറിയ കാളിയാര്‍ പുഴക്ക് കുറുകെ കടവൂര്‍ – പാറപ്പുഴ റോഡില്‍ സ്ഥിതി ചെയ്യുന്ന ചൂണ്ടാപാലത്തിന്റെ കൈവരികള്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ട് അഞ്ച് വര്‍ഷം. പ്രദേശവാസികള്‍ക്ക് എളുപ്പത്തില്‍ തൊടുപുഴയിലെത്താനായി ഉപയോഗിച്ചിരുന്ന പാലമാണ് തകര്‍ന്നത്. ലിസി ജോസ് എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പറായിരിക്കെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി തീര്‍ത്ത് ജനങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ഇരുന്ന ചൂണ്ടാ പാലം 2018 ലെ മഹാപ്രളയത്തില്‍ കാളിയാര്‍ പുഴ കരകവിഞ്ഞൊഴുകിയ സമയത്ത് പാലത്തിന്റെ കൈവരികള്‍ പൂര്‍ണ്ണമായി തകരുകയായിരുന്നു. ഇതു മൂലം മരണ ഭയത്തോടെ വേണം ആളുകള്‍ക്കിതുവഴി പാലത്തില്‍ സഞ്ചരിക്കാന്‍ കഴിയു. സംരക്ഷണഭിത്തിയില്ലാത്തതിനാല്‍ കാലൊന്ന് തെറ്റിയാല്‍, വാഹനത്തിന്റെ ടയറൊന്ന് തെന്നിയാല്‍ ആഴമുള്ള പുഴയില്‍ പതിച്ച് മരണം സംഭവിക്കുവാനുള്ള സാധ്യതയാണുള്ളത്. ഡീന്‍ കുര്യാക്കോസ് എം.പി.യും , മാത്യു കുഴല്‍ നാടന്‍ എം എല്‍ എയും ജീവിക്കുന്ന പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ നാട്ടുകാര്‍ക്കാണ് ഈ ഗതി. എത്രയും പെട്ടെന്ന് പാലം പുതുക്കിപ്പണിത്ത് ഉറപ്പുള്ള സംരക്ഷണഭിത്തികെട്ടി കാല്‍നട , വാഹന യാത്രക്കാരുടെ ജീവന്‍സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.