കോതമംഗലം : കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്ര തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനം. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ തൃക്കാരിയൂർ ദേവസ്വം ബോർഡ് ഓഫീസിൽ ചേർന്നു. മാർച്ച് 15ന് കൊടിയേറി മാർച്ച് 24ന് ആറാട്ടോടെയാണ് തൃക്കാരിയൂർ മഹാദേവ ക്ഷേത്ര തിരുവുത്സവം അവസാനിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിച്ചു കൊണ്ടുള്ള കൺട്രോൾ റൂം പ്രവർത്തിക്കും. വേസ്റ്റ് മാനേജ്മെന്റ് പ്രവർത്തനങ്ങൾ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്രമീകരിക്കും.
ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കുടിവെള്ള വിതരണവും, ഭക്ഷണവിതരണവും താൽക്കാലിക കടകൾ എന്നിവ പ്രവർത്തിക്കുന്നതിന് യോഗത്തിൽ തീരുമാനമായി. നെല്ലിക്കുഴി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഏകോപനത്തോടെ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്താനും, ആംബുലൻസ് സൗകര്യം ഉറപ്പാക്കാനും യോഗത്തിൽ തീരുമാനിച്ചു. വേനൽ കടുക്കുന്ന സാഹചര്യത്തിൽ ഫയർ ആൻഡ് റെസ്ക്യൂവിന്റെ പ്രത്യേക ശ്രദ്ധയും, സേവനവും ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു.കൊടുംവേനലിൽ ഭക്തജനങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണം നടത്താനും, ക്ഷേത്ര പരിസരത്തെ കേടായ വഴിവിളക്കുകൾ അടിയന്തരമായി നെല്ലിക്കുഴി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നന്നാക്കാൻ യോഗത്തിൽ തീരുമാനമായി.
ഉത്സവ ദിവസങ്ങളിൽ തൃക്കാരിയൂരിൽ വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കാൻ കെ എസ് ഇ ബിയുടെ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്ന് യോഗം തീരുമാനിച്ചു. തൃക്കാരിയൂർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം ഉറപ്പുവരുത്തുമെന്നും, നാടിന്റെ ആകെ ഉത്സവമായി മാറ്റുന്നതിനുള്ള പൂർണ്ണ സഹകരണം എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും ഉണ്ടാകണമെന്നും യോഗത്തിൽ ആന്റണി ജോൺ എം എൽ എ പറഞ്ഞു.
യോഗത്തിൽ തഹസിൽദാർ എം അനിൽകുമാർ , നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനീറ നസിർ, വൈസ് പ്രസിഡന്റ് അബു കൊട്ടാരം ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ മല്ലിക എൻ എം ,ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജീവ് നായർ, സെക്രട്ടറി സുമേഷ് നാരായണൻകുട്ടി , വൈസ് പ്രസിഡന്റ് സജിത്ത് മാഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ജി ഷാജി, ആന്റണി ജോസഫ്,സന്ധ്യ സുനിൽകുമാർ, ശോഭാ രാധാകൃഷ്ണൻ, കോതമംഗലം പോലീസ് സബ് ഇൻസ്പെക്ടർ , ഹെൽത്ത്,ഫയർ ഫോഴ്സ്, കെ എസ് ഇ ബി, വാട്ടർ അതോറിറ്റി ഡിപ്പാർട്ട്മെന്റുകളെ പ്രതിനിധികരിച്ചു ഉദ്യോഗസ്ഥർ പങ്കെടുത്തു.ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ സൂരജ് സി എസ്, ദിലീപ്,ദിവേഷ് ബാബു,മഹേഷ് ,സനേഷ് ബാലകൃഷ്ണൻ, മിനി മധു, പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.























































