കോതമംഗലം : ഭൂതത്താൻകെട്ടിൽ പൊതു – സ്വകാര്യ പങ്കാളിത്തത്തോടുകൂടി 25. 412 കോടി രൂപ ചിലവഴിച്ച് ‘ഇറിഗേഷൻ – ടൂറിസം’ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ എയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശിയരും,വിദേശിയരുമായ രണ്ട് ലക്ഷത്തോളം വിനോദ സഞ്ചാരികൾ പ്രതിവർഷം വന്നുപോകുന്ന ഭൂതത്താൻകെട്ടിൽ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ള ഇറിഗേഷൻ ടൂറിസം പദ്ധതിയെ സംബന്ധിച്ചും പദ്ധതി നടപ്പിലാക്കുമ്പോൾ പ്രദേശവാസികൾക്ക് തൊഴിലും, മറ്റ് അനുബന്ധ പരിഗണനയും ഉറപ്പുവരുത്തണമെന്നും വർഷങ്ങളായി ഈ പ്രദേശത്ത് ടൂറിസവുമായി ബന്ധപ്പെട്ട് ബോട്ടിംഗ് നടത്തിവരുന്നവരെ കൂടി പദ്ധതിയുടെ ഭാഗമാക്കണമെന്നും എം എൽ എ സഭയിൽ ആവശ്യപ്പെട്ടു.
പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ട് ബാരേജില്‍ 25.412 കോടി രൂപയുടെ ‘ഇറിഗേഷന്‍ – ടൂറിസം” പദ്ധതി നടപ്പിലാക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.
വകുപ്പിന് കീഴിലുള്ള ഡാമും അനുബന്ധ ഓഫീസ് കെട്ടിടങ്ങളും ഒഴിച്ചുള്ള ജലവിഭവ വകുപ്പിന്റെ പ്രദേശങ്ങളില്‍ പരിസ്ഥിതി സൗഹൃദമായിട്ടാണ് പദ്ധതി ആവിഷ്കരിക്കുന്നത് . ടി പദ്ധതിയില്‍ പാര്‍ക്ക് നവീകരണം, പാര്‍ക്കിംഗ് സംവിധാനം, ടോയ്ലറ്റ് ബ്ലോക്കുകള്‍, മാലിന്യ സംസ്കരണ സംവിധാനങ്ങള്‍, കുട്ടികള്‍ക്ക് വേണ്ടി പുതിയ റൈഡുകളും വിനോദങ്ങളും, സ്കൈ ട്രെയിന്‍, സംഗീത ജലധാര, ഫോഗ് ജനറേറ്റർ, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, റെസ്റ്റോറന്റ്,മിനി കോണ്‍ഫറന്‍സ് ഹാള്‍, ഷോപ്പ് റൂമുകള്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി , പ്ലബിങ് , ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.
25.412 കോടി രൂപ മുതല്‍ മുടക്കിയാണ് ടി പ്രവര്‍ത്തനങ്ങള്‍ പ്രസ്തുത സ്ഥാപനം നടപ്പിലാക്കുന്നത്. പ്രസ്തുത പദ്ധതി നടപ്പിലാക്കുമ്പോൾ പ്രദേശവാസികൾക്ക് കൂടി തൊഴിലും മറ്റ് അനുബന്ധ പരിഗണനയും ഉറപ്പുവരുത്തുന്നതും, പ്രദേശത്ത് ബോട്ടിംഗ് നടത്തിവന്നവരെ കൂടി പദ്ധതിയുടെ ഭാഗമാക്കുന്ന കാര്യവും പദ്ധതി പ്രാവർത്തികമാക്കുന്ന ഘട്ടത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കാവുന്നതാണെന്നും മന്ത്രി നിയമ സഭയിൽ അറിയിച്ചു .
