പെരുമ്പാവൂർ : ഇരിങ്ങോൾ കാവ് , നാഗഞ്ചേരി മന പുനരുദ്ധാരണ വേലകൾക്ക് 50 ലക്ഷം രൂപ അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു .അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലെ ഇരിങ്ങോൾ കാവ് ,നാഗഞ്ചേരി മന ഉൾപ്പെടുന്ന ഭാഗത്തേക്ക് പാർക്കിനായി തുക അനുവദിച്ചത് . ചുറ്റുമതിൽ , ഫുട്പാത്ത് , വോക്ക് വെ ,വിശ്രമയിടം , കോഫി ഷോപ്പ് ,ഇരിപ്പിട ക്രമീകരണങ്ങൾ , സാനിറ്റേഷൻ സൗകര്യങ്ങൾ ,ലാൻഡ്സ്കേപ്പിംഗ് ,ലൈറ്റുകൾ , ഇലക്ട്രിഫിക്കേഷൻ ,മൊബൈൽ ചാർജിങ് പോയിന്റുകൾ , ആർട്ട് വർക്കുകൾ , കുട്ടികൾക്കുള്ള മൾട്ടി ഫൺ സിസ്റ്റം ഉൾപ്പെടെയുള്ള വിവിധതരം കളി ഉപകരണങ്ങൾ , തുടങ്ങിയവ സ്ഥാപിക്കുന്നതിനായാണ് തുക വകയിരുത്തിയിരിക്കുന്നത് .ഇരിങ്ങോൾ കാവ് കൂടുതൽ മനോഹരമാകുന്നതോടെ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ യെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു .രണ്ടര ഏക്കർ സ്ഥലത്താണ് പാർക്ക് സ്ഥാപിക്കുന്നത് . ഇരിങ്ങോൾ കാവിന്റെ തകർന്നു കിടക്കുന്ന മതിലുകൾ പുനർ നിർമ്മിക്കുന്നതിനും , നാഗഞ്ചേരി മനയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും വേണ്ടി എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു .വകുപ്പ് മന്ത്രിമാരെ നേരിൽ കണ്ട് നിവേദനം നൽകിയതിനെ തുടർന്നാണ് ഇപ്പോൾ ഈ തുക അനുവദിച്ചിരിക്കുന്നത് .
