പല്ലാരിമംഗലം: ഗവ. വിഎച്ച്എസ് സ്കൂളിൽ ക്ലാസ് മുറികളിൽ സ്ഥാപിച്ച ഇന്ററാക്ടീവ് ഡിജിറ്റൽ പാനൽ ബോർഡിൻറെ ഉദ്ഘാടനം രാജ്യസഭ എംപി അഡ്വ. ഹാരിസ് ബീരാൻ നിർവഹിച്ചു കേരളത്തിൽ ആദ്യമായി സംസ്ഥാന സർക്കാർ പൊതു വിദ്യാഭ്യാസത്തിനായി നൽകിയിട്ടുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഓപ്പറേറ്റിങ് സിസ്റ്റത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഇന്ററാക്ടീവ് ബോർഡുകളാണ് ക്ലാസ് മുറികൾ സ്ഥാപിച്ചിട്ടുള്ളത്. ഇതോടുകൂടി കിൻഡർ ഗാർഡൻ മുതൽ ഹയർ സെക്കൻഡറി, വൊക്കേ ഷണൽ ഹയർ സെക്കൻഡറി തലം വരെ എല്ലാ ക്ലാസുകളും സ്മാർട്ട് ക്ലാസുകളായി മാറി. ജില്ലാ പഞ്ചായത്ത് അംഗം റാണികുട്ടി ജോർജ് അധ്യക്ഷയായി. യോഗത്തിൽ പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ശിലാഫലകം അനാഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മായിൽ, വാർഡ് മെമ്പർമാർ, PTA പ്രധിനിധികൾ, പൂർവ വിദ്യാർഥികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ പിടിഎ പ്രസിഡന്റ് പി എം അലി ആമുഖ പ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ജോർജ് തോമസ് നന്ദി പറഞ്ഞു.