കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തില്‍ 21 കോടി 17 ലക്ഷം രൂപയുടെ വിവിധ കുടിവെള്ള പദ്ധതികളുടെ നവീകരണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ. വടാട്ടുപാറ, ഇഞ്ചത്തൊട്ടി, മണികണ്ഠന്‍ച്ചാല്‍ എന്നീ പദ്ധതികളുടെ നവീകരണത്തിനായി 17 .98 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വടാട്ടുപാറയില്‍ 2 എം.എല്‍.ഡി ശേഷിയുള്ള ഒരു പ്രഷര്‍ ഫില്‍റ്ററും സ്വര്‍ഗ്ഗകുന്നില്‍ 1.50 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഒരു ഭൂതല വാട്ടര്‍ ടാങ്കും സ്ഥാപിക്കും. നിലവിലുള്ള പദ്ധതികളിലെ കാലപ്പഴക്കം വന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതോടൊപ്പം ഈ മേഖലകളിലെ എല്ലാ കുടുംബങ്ങള്‍ക്കും വാട്ടര്‍ കണക്ഷനും നല്‍കുന്നതിനായി എല്ലാ ഗ്രാമീണ റോഡുകളിലും പൈപ്പുലൈനുകള്‍ നീട്ടി സ്ഥാപിക്കും. പദ്ധതികളുടെ ഭാഗമായി 61 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പുലൈനുകള്‍ സ്ഥാപിച്ച് 2768 കുടുംബങ്ങള്‍ക്ക് വാട്ടര്‍ കണക്ഷന്‍ ലഭ്യമാക്കും. കൂടാതെ മാമലക്കണ്ടം കൂരാലിയില്‍ – എളംബ്ലാശേരി എസ് റ്റി കോളനി എന്നീ കുടിവെള്ള പദ്ധതികളുടെ നവീകരണത്തിനായി 3.19 കോടി രൂപയാണ് നടപ്പിലാക്കുന്നത്. നിലവിലുള്ള കിണറുകളും ടാങ്കുകളും നവീകരിക്കുന്നതിനോടൊപ്പം കാലപ്പഴക്കം വന്ന മുഴുവന്‍ പൈപ്പുകളും മാറ്റി സ്ഥാപിച്ച് ഈ മേഖലകളിലുളള മുഴുവന്‍ കുടുംബങ്ങള്‍ക്കും വാട്ടര്‍ കണക്ഷന്‍ നല്‍കുന്നതിനായി എല്ലാ ഗ്രാമീണ റോഡുകളിലും പൈപ്പ് ലൈനുകള്‍ സ്ഥാപിക്കും. പുതിയതായി 9 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച് പ്രദേശങ്ങളിലെ 681 കുടുംബങ്ങള്‍ക്കാണ് വാട്ടര്‍ കണക്ഷന്‍ ലഭ്യമാക്കുന്നത്. കുടിവെള്ള പദ്ധതികളുടെ നവീകരണത്തിനായുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.