കോതമംഗലം : കോതമംഗലം നിയോജകമണ്ഡലത്തിലെ കുട്ടമ്പുഴ, കവളങ്ങാട്, പിണ്ടിമന,കോട്ടപ്പടി, കീരംപാറ എന്നീ പഞ്ചായത്തുകളിൽ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കാട്ടാനകളെ പ്രതിരോധിക്കുന്നതിന് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി ആന്റണി ജോൺ എം എൽ എയുടെ അധ്യക്ഷതയിൽ കോതമംഗലം പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ വച്ച് യോഗം കൂടി.രാഷ്ട്രീയ കൃഷി വികാസ് യോജന ക്രോപ്പ് ഹെൽത്ത് മാനേജ്മെന്റ് എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തി ഹാങ്ങിങ് ഫെൻസിങ് നിർമ്മിക്കാൻ മണ്ഡലത്തിൽ 2.5 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതിയായിട്ടുള്ളത്. അനുവദനീയമായ തുകയുടെ അന്തിമ എസ്റ്റിമേറ്റ് അടിയന്തിരമായി തയ്യാറാക്കാൻ കൃഷി അസിസ്റ്റന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. നിലവിൽ നബാർഡ് സ്കീമിൽ ഉൾപ്പെടാത്ത പഞ്ചായത്തുകളായ കവളങ്ങാട് 18 കിലോമീറ്റർ, പിണ്ടിമന 11 കിലോമീറ്റർ, കുട്ടമ്പുഴ 80 കിലോമീറ്റർ,കീരംപാറ 14 കിലോമീറ്റർ എന്നീ ദൂരത്തിലാണ് ഹാങ്ങിങ് ഫെൻസിങ് നിർമ്മിക്കുന്നത്.കോട്ടപ്പടിയിലും നീണ്ട പാറയിലും നബാർഡ് സ്കീമിൽ ഉൾപ്പെടുത്തിയുള്ള ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്നും,വടാട്ടുപാറയിൽ 7 കിലോമീറ്റർ ദൂരത്തിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കൽ അവസാനഘട്ടത്തിൽ ആണെന്നും എം എൽ എ യോഗത്തിൽ പറഞ്ഞു. കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു,കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയൻ, പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു,കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഇൻ ചാർജ് അമ്പിളി സദാനന്ദൻ,കൃഷി ഓഫീസർമാർ,വിവിധ ഫോറസ്റ്റ് റേഞ്ചുകളിലെ റേഞ്ച് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
