കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കുട്ടമ്പുഴ മാമലക്കണ്ടം – ചാമപ്പാറയിൽ നടത്തിയ റെയ്ഡിൽ മാവിൻ ചുവട് ഭാഗത്തെ വീട്ടിൽ ചാരായം വാറ്റി വില്പന നടത്തിവന്ന കോട്ടയ്ക്കകത്ത് വീട്ടിൽ കുര്യൻ മകൻ ജോസഫ് കുര്യൻ (65) നെ 300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും സഹിതം അറസ്റ്റ് ചെയ്തു.
എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.എസ്.രഞ്ജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം.കാസിം പ്രതിയെ അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗണിനെ തുടർന്ന് മദ്യശാലകൾ അടഞ്ഞ സാഹചര്യം മുതലെടുത്താണ് പ്രതി വൻതോതിൽ ചാരായവാറ്റിലേർപ്പെട്ടത്. ചാരായ വാറ്റിനായി പ്രതി വർതോതിൽ ശർക്കര വാങ്ങി ശേഖരിച്ചതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. വിഷു, ഈസ്റ്റർ വിശേഷ ദിവസങ്ങൾ പ്രമാണിച്ച് മലയോര മേഖലകളിൽ പ്രത്യേകിച്ച് ആദിവാസികളുടെ ഇടയിൽ വില്പന നടത്തുന്നതിനായാണ് പ്രതി ചാരായ വാറ്റിനായി വൻതോതിൽ വാഷ് തയ്യാറാക്കിയത്.
ലോക്ക് ഡൗണിനെ തുടർന്ന് കോതമംഗലത്തെ മലയോര മേഖല കേന്ദ്രീകരിച്ച് ചാരായം വാറ്റ് വർദ്ധിക്കുന്നതിനുള്ള സാദ്ധ്യതയുണ്ടെന്ന് എക്സൈസ് ഇൻറലിജൻസിന് വിവരം ലഭിച്ചിച്ചിട്ടുണ്ട്. തുടർന്ന് മലയോര മേഖലകളിലെ പലചരക്കുകടകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ എക്സൈസ് നടത്തിവരുന്നുണ്ട്. കൂടാതെ മുൻകുറ്റവാളികളുടെ നീക്കങ്ങളും നിരീക്ഷിച്ചു വരുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ കുട്ടമ്പുഴ- പിണവൂർകുടി, കീരമ്പാറ പഞ്ചായത്തിലെ ഊഞ്ഞാപ്പാറ, പാലമറ്റം – കാളക്കടവ് എന്നിവിടങ്ങളിൽ നിന്നും വാഷ് കണ്ടെടുത്തിരുന്നു. റെയ്‌ഡിൽ കുട്ടമ്പുഴ എക്സൈസ് ഇൻസ്പെക്ടർ കെ.എ. ഫൈസൽ, പ്രിവന്റീവ് ഓഫീസർമാരായ സാജൻ പോൾ, പി.കെ.സുരേന്ദ്രൻ, എൻ.എ.മനോജ്, സിവിൽ എക്സൈസ് ഓഫീസർ വി.എൽ.ജിമ്മി എന്നിവർ പങ്കെടുത്തു.