Connect with us

Hi, what are you looking for?

NEWS

ഇടുക്കി ഡാമിൽ ആദ്യ പരീക്ഷണ സൈറണ്‍ മുഴങ്ങി.

idukki sairan

ചെറുതോണി : ഇടുക്കി ഡാമിലെ ജലനിരപ്പു മുന്നറിയിപ്പിന് മുന്നോടിയായി ഇന്ന് ( ജൂണ്‍ -2 ) രാവിലെ 11.20 ഓടെ ആദ്യ പരീക്ഷണ സൈറണ്‍ മുഴങ്ങി. ട്രയല്‍ സൈറണ്‍ സംബന്ധിച്ച് മുന്‍കൂട്ടി അറിയിപ്പ് നല്കിയിരുന്നു. ട്രയല്‍ സൈറണ്‍ നാളെയും തുടരും. അഞ്ചു കിലോമീറ്റര്‍ ശബ്ദ ദൂരപരിധിശേഷിയുള്ള സൈറണ്‍ ആണ് ഉപയോഗിച്ചിരുന്നത്. പ്രദേശത്തിന്റെ പ്രത്യേകതയെ തുടര്‍ന്ന് ശബ്ദം ഇത്രയും ദൂരം എത്തിയിരുന്നില്ല. അതു കൊണ്ടു എട്ട് കിലോമീറ്റര്‍ ദൂരപരിധിയില്‍ ശബ്ദമെത്തുന്ന പുതിയ സൈറണ്‍ ഡാമിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് ട്രയല്‍ നടത്തിവരുന്നു.

ഏറ്റവും കൂടുതല്‍ ദൂരത്തേക്ക് ശബ്ദമെത്തുന്ന രീതിയിലായിരിക്കും സൈറണ്‍ ക്രമീകരിക്കുന്നത്. ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കുന്നതിനായാണ് ഡാം ടോപ്പില്‍ സൈറണ്‍ മുഴക്കുന്നത്. എ.ഇ മലയരാജ്, എസ് കെ എസ് ഇ ബി സബ് എന്‍ജിനീയര്‍ സുനില്‍കുമാര്‍, സബ് എന്‍ജിനീയര്‍ ഇന്‍ചാര്‍ജ് ലാലി.പി.ജോണ്‍, തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ട്രയല്‍ സൈറണ്‍ മുഴക്കിയത്.

ഇടുക്കി ഡാം ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ വ്യക്തമാക്കി. ഇന്ന് ( ജൂണ്‍ 2) 2338 അടിയായിരുന്നു സംഭരണിയിലെ ജലനിരപ്പ്. 2373 അടിയാണ് ജലസംഭരണിയുടെ ഷട്ടര്‍ ലെവല്‍. ഷട്ടര്‍ ലെവലില്‍ നിന്നും 8 അടി താഴ്ചയില്‍ 2365 അടിയില്‍ ജലനിരപ്പ് ഉയരുമ്പോള്‍ നീല അലെര്‍ട്ടും 2371 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലെര്‍ട്ടും 2372 അടി ജലനിരപ്പ് ഉയരുമ്പോള്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും. ജലനിരപ്പ് ഷട്ടര്‍ ലെവലിലെത്താന്‍ 35 അടി കൂടി ആവശ്യമായതിനാല്‍ നിലവിലെ ജലനിരപ്പില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല.

You May Also Like