കോതമംഗലം: ഇടമലയാർ ജലാശയത്തിൻ്റെ തീരത്ത് പാറപ്പുറത്ത് കുടിൽ കെട്ടി ദുരിതജീവിതം നയിക്കുകയാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട ചെല്ലപ്പനും ഭാര്യ യശോദയും. ഊരു വിലക്കിനെ തുടർന്ന് നീണ്ട 18 വർഷമായി ഈ കുടുംബം ഒറ്റപ്പെടലിൻ്റെ വീർപ്പുമുട്ടലിൽ കഴിയുകയാണ്. അടുത്ത ബന്ധുക്കളായിരുന്ന ചെല്ലപ്പനും യശോധയും ഊരു നിയമങ്ങൾ ലംഘിച്ച് ഒന്നിച്ച് ജീവിത മാരംഭിച്ചതോടെയാണ് ഊരുകൂട്ടം വിലക്ക് ഏർപ്പെടുത്തിയത്. മുതുവ സമുദായത്തിൽപ്പെട്ട ഈ കുടുംബത്തിന് പിന്നെ മറ്റൊരു ഊരിൽ പ്രവേശനം അനുവദിക്കില്ല. സ്വന്തം ഊരിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ ഇടമലയാർ ജലാശയത്തിൻ്റെ തീരത്ത് കപ്പായത്ത് പാറപ്പുറത്ത് കുടിൽ കെട്ടി അവിടെ താമസമാരംഭിക്കുകയായിരുന്നു.
ഇടമലയാർ പുഴയിൽ നിന്ന് മീൻപിടിച്ച് വിൽപ്പന നടത്തിയാണ് ഈ കുടുംബം കഴിഞ്ഞുകൂടുന്നത്. ചങ്ങാടത്തിലും കാട്ടിലൂടെ നടന്നും 28 കിലോമീറ്ററോളം ദൂരെയുള്ള വടാട്ടുപാറയിൽ കൊണ്ടു പോയി വേണം മീൻ വിൽക്കാൻ. വന്യമൃഗങ്ങൾ ധാരാളമുള്ള ഈ പ്രദേശത്ത് ചെറിയ രണ്ടു കുട്ടികളുമായി ജീവൻ പണയം വച്ചാണ് ചെല്ലപ്പനും കുടുംബവും ദിവസങ്ങൾ തള്ളി നീക്കുന്നത്. വെറ്റിലപ്പാറ, വാഴച്ചാൽ എന്നിവിടങ്ങളിലെ ട്രൈബൽ സ്കൂളുകളിലാണ് കുട്ടികൾ പഠിക്കുന്നത്. സർക്കാരിൻ്റെ കണക്കുകളിൽ ഇവരില്ലത്തതിനാൽ റേഷൻ കാർഡോ, മറ്റ് രേഖകളോ ഇവർക്കില്ല. സൗജന്യ റേഷനും കിറ്റും കിട്ടാത്തതിനാൽ മിക്കവാറും ദിവസങ്ങളിൽ ഈ കുടുംബം മുഴുപട്ടിണിയിലാണ് കഴിയുന്നത്. ദാരിദ്ര്യവും, അപകടകരമായ ചുറ്റുപാടുകളിലും കഴിയുന്ന തങ്ങൾക്ക് കെട്ടുറപ്പുള്ള ഒരു വീട് ലഭ്യമാക്കണമെന്നാണ് ഇവർ സർക്കാരിനോട് ആവശ്യപ്പെട്ടുന്നത്.