കോതമംഗലം : കനത്ത മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ ഇടമലയാർ ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് ആദ്യം ഉയർത്തിയത്.ഒന്നാമത്തെ ഷട്ടർ ആന്റണി ജോൺ എം എൽ എ യും രണ്ടാമത്തെ ഷട്ടർ ജില്ലാ കളക്ടർ ഡോക്ടർ രേണു രാജുവും ഓപ്പൺ ചെയ്തു.10 മണിക്ക് തന്നെ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി.
ഡാമിന്റെ 4 ഷട്ടറുകളിൽ മധ്യഭാഗത്തുള്ള രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്.50 സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്.ഇതിൽ കൂടി സെക്കന്റിൽ 67 ക്യുമിക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.തുടർന്ന് ഇത് 100 ക്യുമിക്സ് വരെ ആയി ഉയർത്തും.
റൂൾ കർവ് പ്രകാരം 163 മീറ്റർ ജലമാണ് ആണ് ഓഗസ്റ്റ് 10 വരെ ഡാമിൽ നിലനിർത്തേണ്ടത്.നിലവിൽ ഈ പരിധി അധികരിച്ച സാഹചര്യത്തിലാണ് ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തിയത്.ആവശ്യമെന്ന് തോന്നിയാൽ ബാക്കിയുള്ള രണ്ട് ഷട്ടർ കൂടി ഉയർത്തും.ആന്റണി ജോൺ എം എൽ എ,ജില്ലാ കളക്ടർ ഡോക്ടർ രേണു രാജ്,എക്സിക്യൂട്ടീവ് എൻജിനീയർ ബിജു പി എൻ,തഹസീൽദാർ ഇൻചാർജ് ജെസി അഗസ്റ്റിൻ,
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആനി യു ജെ,സബ് എൻജിനീയർ വിനോദ് വി കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു.