- ജെറിൽ ജോസ് കോട്ടപ്പടി
കോതമംഗലം : അറാക്കപ്പിൽ നിന്നും ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുട്ടികൾ വികാരനിർഭയമായി പറയുന്ന കാര്യങ്ങൾ ആണ്. കഴിഞ്ഞ രണ്ടു വർഷമായി കൃതമായി ഓൺലൈൻ പഠനം കിട്ടാത്ത 12 കുട്ടികളാണ് ഇടമലയാർ ആദിവാസി ട്രൈബൽ ഹോസ്റ്റലിൽ ഉള്ളത്. സ്വന്തം ഊരും വീടും ഉപേക്ഷിച്ചു പുതിയൊരു ജീവിതവും സ്വപ്നം കണ്ടു വീട്ടുകാരോട് ഒപ്പം ഇറങ്ങി വന്ന കുട്ടികളുടെ അവസ്ഥ പരിതാപകരമാണ്. ഒന്നു മുതൽ പത്തു വരെ ക്ലാസ്സിൽ പഠിക്കുന്ന 12 കുട്ടികൾ ആണ് നിലവിൽ ഇടമലയാർ ആദിവാസി കുടുംബങ്ങൾക്ക് ഒപ്പം സമരം ചെയ്യുന്നത് .
വാഴച്ചാൽ, ചാലക്കുടി, വെറ്റിലപ്പാറ, തുടങ്ങിയ സ്ഥലങ്ങളിൽ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടികളാണ് . കഴിഞ്ഞ രണ്ടു മാസക്കാലമായി സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളെയും കുട്ടികളെയും കാണാൻ ട്രൈബൽ ഹോസ്റ്റലിൽ ഒട്ടനവധി ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും എത്തിയിരുന്നു. എല്ലാവരും കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് വാക്ക് കൊടുത്തിട്ടാണ് മടങ്ങിപ്പോയത്. എന്നാൽ നാളിതുവരെ ഒരു കാര്യം പോലും നടപ്പിലാക്കാൻ വന്നവർക്ക് സാധിച്ചിട്ടില്ല.
15 വയസ്സു വരെ നിർബന്ധിത വിദ്യാഭ്യാസം നടപ്പിലാക്കുന്ന കേരളത്തിലാണ് ഈ 12 കുട്ടികളെയും അവഗണിചിരിക്കുന്നത് . അതിഥി തൊഴിലാളികളുടെ മക്കൾക്ക് പോലും വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന ഗവൺമെന്റ് തങ്ങളുടെ സ്വന്തം ആദിവാസി കുടുംബങ്ങളിലെ കുട്ടികൾക്ക് നേരെ മുഖം തിരിച്ചു നിൽക്കുന്നു എന്നാണ് പരാതി.
തങ്ങൾ താമസിക്കുന്ന ഹോസ്റ്റലിനു തൊട്ടുമുൻപിൽ ഇടമലയാർ ട്രൈബൽ സ്കൂൾ ഉള്ളപ്പോഴാണ് തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്. എല്ലാ ദിവസവും ആ സ്കൂൾ തുറക്കുന്നുണ്ട് എന്നാൽ തങ്ങളുടെ കുട്ടികളെ വിളിച്ചുവരുത്തി പഠിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ പോലും ആരുമില്ല എന്ന് ഊരു മൂപ്പൻ തങ്കപ്പൻ പഞ്ചൻ പറയുന്നു. ഇവിടെ വന്ന പല ചേട്ടൻമാരും ഞങ്ങൾക്ക് പഠിക്കാൻ ഉള്ള മാർഗം ഉണ്ടാക്കി തരാം എന്നാണ് പറഞ്ഞത്. ആരും പിന്നെ ഈ വഴി വന്നിട്ടില്ല. ടീച്ചർമാരെയും കൂട്ടുകാരെയും കാണാൻ കൊതിയാകുന്നു. സ്കൂളിൽ നിിന്ന് പോലും ആരും തങ്ങളെ വിളിച്ച് അന്വേഷിക്കുന്ന പോലുമില്ലയെന്ന് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി പ്രവീണ പറയുന്നു.