കോതമംഗലം: കാട്ടാനപ്പേടിയില്‍ കോതമംഗലത്തെ മലയോര ഗ്രാമങ്ങള്‍. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടിയിലും മാമലകണ്ടത്തും ഇന്നലെ പുലര്‍ച്ചെ കാട്ടാനകൂട്ടം കൃഷിനാശം വരുത്തി. പിണവൂര്‍കുടി ഗിരിവര്‍ഗ ഊരില്‍പ്പെട്ട വെളിയത്തുപറമ്പ് ഭാഗത്ത് കമ്യൂണിറ്റി ഹാളിന് സമീപം വളവില്‍ ഇന്നലെ പുലര്‍ച്ചെ എത്തിയ ആനകൂട്ടം 11 കെവി ഇലക്ട്രിക് പോസ്റ്റിന് മുകളിലേക്ക് കവുങ്ങ് മറിച്ചിട്ടിരുന്നു. കുറുങ്കുടി ഷാജിയുടെ പുരയിടത്തില്‍നിന്ന കവുങ്ങാണ് റോഡ് അരുകിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് മറിച്ചത്. മണിക്കൂറോളം വൈദ്യുതിയും നിലച്ചു. പുരയിടത്തിലെ മൂന്ന് കായ്ഫലമുള്ള തെങ്ങ് മറിച്ചിടാനും ശ്രമിച്ചു. പിണവൂര്‍കുടി സിറ്റിയില്‍ കപ്പിലാംമൂട്ടില്‍ തങ്കമ്മ രാമന്‍കുട്ടി, ഉറുമ്പില്‍ കുമാരന്‍, പുത്തന്‍ വീട്ടില്‍ കരുണാകരന്‍, മംഗലമുണ്ടയ്ക്കല്‍ ഭാസ്‌ക്കരന്‍ എന്നിവരുടെ പറമ്പിലെ കൊക്കോ, റബര്‍, വാഴ, തെങ്ങ് തുടങ്ങിയ വിളകളും നശിപ്പിച്ചിട്ടുണ്ട്.
മൂന്ന് ദിവസമായി സന്ധ്യ കഴിഞ്ഞെത്തുന്ന ആനകള്‍ പുലര്‍ച്ചയോടെയാണ് മടങ്ങുന്നത്. രാവിലെ ജോലിക്ക് പോകുന്നവരും രാത്രി മടങ്ങിയെത്തുന്നവരും ആശങ്കയിലാണ്. ആനയെ ഓടിക്കാന്‍ ആര്‍ആര്‍ടി ഉണ്ടെങ്കിലും ആന ശല്യത്തിന് കുറവില്ല.
മാമലകണ്ടം താലിപ്പാറ ജംഗ്ഷനില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മാറി കച്ചോലപ്പാറ ഭാഗത്ത് കഴിഞ്ഞ രാത്രി ആനകൂട്ടം ഇറങ്ങിയ വലിയതോതില്‍ കൃഷിനാശം വരുത്തിയിരുന്നു. വലിയവെളിയില്‍ മനോഹരന്‍, സഹോദരന്‍ ഷിബു, പുള്ളിയില്‍ ശ്രീനിവാസന്‍, കോട്ടക്കുന്നേല്‍ ഏലിയാസ് എന്നിവരുടെ പറമ്പിലെ തെങ്ങ്, കവുങ്ങ്, റബര്‍, ഏത്തവാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. വനത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറി ജനവാസ മേഖലയിലാണ് കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം നടന്ന പ്രദേശം.