പിണ്ടിമന : കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കൊടുംകാറ്റിലും പേമാരിയിലും പിണ്ടിമന പഞ്ചായത്തിലും ലക്ഷങ്ങളുടെ കൃഷി നാശംസംഭവിച്ചു. മുത്തംകുഴി പള്ളിക്കമാലി എം.വി.ശശിയുടെ തൃക്കാരിയൂർ ഭാഗത്ത് പാട്ടത്തിന് കൃഷി ഇൻഷൂർ ചെയ്ത കുലച്ച എഴുന്നൂറോളം ഏത്തവാഴകൾ പൂർണ്ണമായും നശിച്ചു. കഴിഞ്ഞയാഴ്ചത്തെ കാറ്റിൽ മുത്തം കുഴിയിൽ കൃഷി ചെയ്തിരുന്ന ഈ കർഷകൻ്റെ അഞ്ഞൂറോളം വാഴകൾ നശിച്ചിരുന്നു. മുത്തം കുഴി കവലക്ക് സമീപം കൃഷി ചെയ്തിരിക്കുന്ന റ്റി.സി.സണ്ണി തോട്ടത്തി മാലിയുടെ ഇൻഷൂർ ചെയ്ത നൂറോളം കുലക്കാത്ത ഏത്തവാഴകളും, പി.കെ സോമൻ, പയ്യാനിക്കലിൻ്റെ നൂറോളം കുലച്ച ഏത്തവാഴകളും കാറ്റിൽ നിലം പൊത്തി. വാഴകൾക്ക് പുറമെ ടാപ്പ് ചെയ്യുന്ന റബ്ബർ മരങ്ങളും, കായ്ഫലമുള്ള ജാതികളും കാറ്റിൽ നശിച്ചുപോയി. നാശനഷ്ടം നേരിട്ട കൃഷിയിടങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി.സാജു, പഞ്ചായത്തംഗം റ്റി.കെ.കുമാരി, കൃഷി ഓഫീസർ ഇ.എം.അനീഫ, കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് എന്നിവർ സന്ദർശിച്ച് നഷ്ടം വിലയിരുത്തി.
