കോതമംഗലം: ഇടിമിന്നലിനൊപ്പം ഉണ്ടായ കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ ഒടിഞ്ഞ് വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞും വൈദ്യുത കമ്പി പൊട്ടിയും കോതമംഗലത്ത് വിവിധ പ്രദേശങ്ങളില്‍ മണിക്കൂറുകള്‍ വൈദ്യുത തടസം നേരിട്ടു. ഇന്നലെ വൈകിട്ട് 5.30 ഓടെ ഉണ്ടായ കാറ്റിലും മഴയിലുമാണ് വൈദ്യുതി നിലച്ചത്. ചെങ്കര മാലിപ്പാറ റോഡ്, വടക്കുംഭാഗം, ഉപ്പുകണ്ടം, കോളജ് ജംഗ്ഷന് സമീപം എന്നിവിടങ്ങളിലാണ് മരങ്ങള്‍ മറിഞ്ഞത്. ചെങ്കര-മാലിപ്പാറ റോഡില്‍ വലിയ ആഞ്ഞിലിമരം റോഡിന് കുറുകെ മറിഞ്ഞ് ഗതാഗത തടസം നേരിട്ടു. മരം വീണ് അഞ്ച് ഇലക്ടിക് പോസ്റ്റുകളും ഒടിഞ്ഞു.
70 ഇഞ്ചോളം വണ്ണമുള്ള മരം അഗ്‌നിരക്ഷാസേന എത്തി മുറിച്ച് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ചെങ്കര, മാലിപ്പാറ, വെള്ളിലാംതൊട്ടി തുടങ്ങി പ്രദേശത്ത് വൈദ്യുതി വിതരണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. മരം വീണ് വിവിധ സ്ഥലങ്ങളിലായി പത്തോളം സ്ഥലത്ത് വൈദ്യുത കമ്പി പൊട്ടിയിട്ടുണ്ട്.