കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാനസികവും, ശാരീരികവുമായ ആരോഗ്യ ബോധവൽക്കരണത്തെ ക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെയും, തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയുടെയും സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. സെമിനാറിൽ മാനസികാരോഗ്യ ബോധവൽക്കരണത്തെ ക്കുറിച്ച് കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റ് ഡോ. ബിബിൻ ബി തോട്ടം മുഖ്യ പ്രഭാഷണം നടത്തി. മാനസികാരോഗ്യത്തിന്റെ പ്രാധാന്യം, ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന മാർഗങ്ങൾ, സമ്മർദ്ദ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി.
കാൻസർ ബോധവൽക്കരണത്തേക്കുറിച്ച് നടന്ന ക്ലാസ്സ് കൺസൾട്ടൻ്റ് ഓങ്കോളജിസ്റ്റ് ഡോ. നീന ജോൺ നയിച്ചു. കാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിയൽ, മുൻകരുതലുകൾ, ചികിത്സാ മാർഗങ്ങൾ തുടങ്ങിയവ വിശദീകരിച്ചു.
കോളേജ് അധ്യാപകർ, അനധ്യാപക ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ സജീവമായി പങ്കെടുത്ത സെമിനാറിൽ മാനസികവും ശാരീരികവുമായ ആരോഗ്യബോധം വർദ്ധിപ്പിക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി.
പരിപാടികൾക്ക് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഫേബാ കുര്യൻ, ഡോ. മാജിദ് എൻ. വി എന്നിവർ നേതൃത്വം നൽകി.
