മൂവാറ്റുപുഴ: പകുതി വിലക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അനന്തുകൃഷ്ണനെ പോലീസ് കസ്റ്റഡി കാലാവധിക്ക് ശേഷം റിമാന്‍ഡ് ചെയ്തു. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ അനന്തുകൃഷ്ണനെ മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. വ്യാഴാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ അനന്തുകൃഷ്ണനെ കൊച്ചിയിലും, ഇടുക്കിയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ രാഷ്ട്രീയ ബന്ധങ്ങളും പോലീസ് അന്വേഷിച്ച് വരികയാണ്. ഇതിനിടയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്ക് അനന്തുകൃഷ്ണന്‍ പണം നല്‍കിയെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു.
എന്നാല്‍ മാത്യുകുഴല്‍നാടന്‍ എംഎല്‍എക്ക് ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്ന് കോടതിയില്‍ ഹാജരാക്കാനെത്തിച്ച അനന്തുകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുടെ ജാമ്യഅപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. പ്രതിയ്ക്കായി അഡ്വ.അഗസ്റ്റസ് എസ് മാങ്ങഴ,അഡ്വ.റോണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഹാജരായി. സമാനമായ കേസില്‍ വണ്ടന്‍മേട് പോലീസും അനന്തുകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂവാറ്റുപുഴ ജയിലില്‍ എത്തിയാണ് വണ്ടന്‍മേട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ അനന്തുകൃഷ്ണനില്‍ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനന്തുകൃഷ്ണനില്‍ നിന്ന് പണം വാങ്ങിയെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു.
