കോതമംഗലം: വാട്ടര്‍ അതോറിറ്റി കുടിവെള്ളത്തിനായി വെള്ളം പമ്പ് ചെയ്യുന്ന കോഴിപ്പിള്ളി പുഴയിലേക്ക് സാമൂഹ്യവിരുദ്ധര്‍ മനുഷ്യ വിസര്‍ജ്യം അടങ്ങിയ ഡയപ്പറുകള്‍ ഉള്‍പ്പെടെയുള്ള മാലിന്യം തള്ളിയ നിലയില്‍. കോഴിപ്പിള്ളി പാലത്തിന് താഴെയായാണ് പ്ലാസ്റ്റിക്, വിസര്‍ജ്യം അടങ്ങിയ ഡയപ്പറുകള്‍, ഭക്ഷണാവശിഷ്ടം, പ്ലാസ്റ്റിക് കുപ്പികളും കാരി ബാഗുകളും തള്ളിയിരിക്കുന്നത്.
പാലത്തിനു മുകളില്‍നിന്ന് രാത്രി സമയത്ത് താഴേക്ക് തള്ളിയ മാലിന്യമാണ് പുഴയില്‍ ഒഴുക്കുകുറഞ്ഞതിനാല് മണല്തിട്ടകളില് അടിഞ്ഞുകിടക്കുന്നത്. വേനലില്‍ ഒഴുക്കുനിലച്ച പുഴയില്‍ തടയണയില്‍നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളവും വാട്ടര്‍ അതോറിറ്റിയുടെ ശുചീകരണ പ്ലാന്റില്‍നിന്നുള്ള വെള്ളവും മാത്രമാണ് ചെറിയ ചാലു പോലെ ഒഴുകുന്നത്.
പെരിയാര്‍ വാലി കനാലില്നിന്നെത്തുന്ന നാമമാത്രമായ വെള്ളമാണ് തടയണയില്‍ ഉള്ളത്. കുടിവെള്ളത്തിന് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമയത്താണ് പുഴയിലേക്ക് മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യം തള്ളിയിരിക്കുന്നത്. പുഴയില്‍ ഏതാനും ദിവസം മുമ്പ് തള്ളിയ മാലിന്യങ്ങള്‍ കുറെ ഭാഗം ഒഴുകി പോയിട്ടുണ്ട്. ബാക്കിയുള്ളവ തുരുത്തുപോലെയും പാറക്കെട്ടുകളിലുമായി തങ്ങി കിടക്കുന്നത് കാണാം. ഇതിന് താഴെയായി നിരവധി കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാലത്തില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നത് തടയാന്‍ അധികൃതര്‍ അടിയന്തിര നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.






















































