പെരുമ്പാവൂർ : കോട്ടപ്പടിയിൽ സ്വകാര്യപുരയിടത്തിൽ കാട്ടാന വീണ സംഭവത്തിൽ വനം വകുപ്പ് മന്ത്രി നാട്ടിലെ ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രസ്താവനയാണ് പത്രങ്ങളിലൂടെ നൽകിയിരിക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ കുറ്റപ്പെടുത്തി .വനംവകുപ്പ് ഉദ്യോഗസ്ഥർ തടി തപ്പാനായി എഴുതി കൊടുക്കുന്നതാണ് പല മറുപടികളും .
തൃശൂർ പൂരം എഴുന്നള്ളിപ്പിന് ആനകളെ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന ഹൈക്കോടതിയുടെ വിധി ന്യായത്തിലെ ചില പരാമർശങ്ങൾ അടർത്തിയെടുത്ത് നാട്ടുകാരെ വിഡ്ഢികളാക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത് . കിണറ്റിൽ വീണ ആനയ്ക്ക് കണ്ണിനു താഴെ ആഴത്തിൽ പരിക്കേറ്റിട്ടുണ്ടെന്നും കാലിൽ എന്തോ തറച്ചിട്ടുണ്ടെന്നും മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.
ഇതിൻറെ നിജസ്ഥിതി ഒന്നും പരിശോധിക്കാതെ ആനയെ ജനവാസകേന്ദ്രങ്ങളിലേക്ക് ഓടിച്ചു വിട്ടതും വനംവകുപ്പിന്റെ ഇത്തരത്തിലുള്ള മറുപടികളും ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. ..കാര്യങ്ങൾ പഠിച്ച് ചെയ്യുന്ന കാര്യത്തിൽ വനംവകുപ്പ് അമ്പെ പരാജയപ്പെട്ടിരിക്കുന്നു .ഭരണഘടനയോട് നീതിപുലർത്താമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത വനംവകുപ്പ് മന്ത്രി രണ്ട് എംഎൽഎമാരുടെ ഒരേ വിഷയത്തിലുള്ള കത്തിന് വ്യത്യസ്ത തരത്തിലുള്ള മറുപടി നൽകിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും എൽദോസ് കുന്നപ്പള്ളി എംഎൽഎ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു .