കോതമംഗലം : ഇടുക്കി എംപി അഡ്വ.ഡീൻ കുര്യാക്കോസ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ, വനംവകുപ്പിന്റെ അനാസ്ഥയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു. 2024 ഡിസംബർ 16-ന് കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ എൽദോസ് എന്ന 40 വയസ്സുകാരൻ മരിച്ച സംഭവത്തിലാണ് എംപി കമ്മീഷനെ സമീപിച്ചത്. കാട്ടാനയെ കണ്ട വിവരം അറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ തയ്യാറായില്ലെന്ന് എംപി കത്തിൽ ആരോപിച്ചു. വാഹനത്തിൽ ഇന്ധനമില്ലെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥർ എത്താതിരുന്നത്. ഈ അനാസ്ഥയാണ് എൽദോസിന്റെ മരണത്തിന് കാരണമായതെന്നും, ഇത് ക്രിമിനൽ അനാസ്ഥയാണെന്നും എംപി കത്തിൽ ചൂണ്ടിക്കാട്ടി.
കേരളത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വർദ്ധിച്ചുവരികയാണെന്നും, ഇതിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും എംപി ആവശ്യപ്പെട്ടു.
എംപിയുടെ പരാതിയെത്തുടർന്ന്, 2025 ഏപ്രിൽ 29-ന് സംസ്ഥാനത്തെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനോട് (പിസിസിഎഫ്) ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്ന് കമ്മീഷൻ അറിയിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ ആറ് ആഴ്ചത്തെ സമയം നൽകിയിട്ടുണ്ടെന്നും, ഈ സമയപരിധിക്കുള്ളിൽ റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ സെക്ഷൻ 13 പ്രകാരം നിർബന്ധിത നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി.
